പത്തനംതിട്ട: ലൈംഗികപീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുമായി ആദ്യഘട്ട തെളിവെടുപ്പ്. ഇന്ന് പുലർച്ചെ 5.40-ഓടെ പത്തനംതിട്ട എ.ആർ ക്യാമ്പിൽ നിന്നും കനത്ത സുരക്ഷയിലാണ് പ്രത്യേക അന്വേഷണ സംഘം രാഹുലിനെ തിരുവല്ലയിലെ സ്വകാര്യ ഹോട്ടലിൽ എത്തിച്ചത്.(Evidence collection in Thiruvalla with Rahul Mamkootathil)
ഹോട്ടലിലെ 408–ാം നമ്പർ മുറിയിൽ എത്തിച്ച രാഹുൽ, താൻ അവിടെ വന്നിരുന്നതായും പരാതിക്കാരിയായ യുവതിക്കൊപ്പം സമയം ചെലവഴിച്ചതായും പൊലീസിനോട് സമ്മതിച്ചതായാണ് വിവരം. ഇന്ന് പുലർച്ചെ 5.40-ഓടെ പത്തനംതിട്ട എ.ആർ ക്യാമ്പിൽ നിന്നാണ് രാഹുലിനെ തിരുവല്ലയിലേക്ക് കൊണ്ടുപോയത്. ഹോട്ടലിൽ ഏകദേശം 15 മിനിറ്റോളം തെളിവെടുപ്പ് നീണ്ടുനിന്നു.
2024 ഏപ്രിൽ 8-ന് ഉച്ചയ്ക്ക് 1.45-ഓടെ ഈ ഹോട്ടലിലെത്തിയെന്നും യുവതിക്കൊപ്പം ഒരു മണിക്കൂറോളം ചെലവഴിച്ചെന്നും രാഹുൽ പൊലീസിനോട് വെളിപ്പെടുത്തി. എന്നാൽ പീഡനം സംബന്ധിച്ച ചോദ്യങ്ങളോട് അദ്ദേഹം മൗനം പാലിച്ചു. തെളിവെടുപ്പിന് എത്തിയപ്പോൾ പുഞ്ചിരിയോടെ ഹോട്ടലിലേക്ക് കയറിയ രാഹുൽ, തിരികെ വാഹനത്തിൽ കയറുമ്പോൾ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.
തിരുവല്ലയിലെ തെളിവെടുപ്പിന് ശേഷം രാഹുലിനെ പത്തനംതിട്ട എ.ആർ ക്യാമ്പിലേക്ക് തിരികെ എത്തിച്ചു. തെളിവെടുപ്പിന്റെ അടുത്ത ഘട്ടമായി രാഹുലിനെ പാലക്കാട്ടേക്ക് കൊണ്ടുപോകുന്ന കാര്യത്തിൽ പൊലീസ് ഇന്ന് തീരുമാനമെടുക്കും. മുൻപ് രാഹുലിന്റെ അടൂരിലെ വീട്ടിലും തെളിവെടുപ്പ് നടത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
തിരുവല്ല മജിസ്‌ട്രേറ്റ് കോടതി മൂന്ന് ദിവസത്തേക്കാണ് രാഹുലിനെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. രാഹുലിന്റെ ജാമ്യാപേക്ഷ വരും വെള്ളിയാഴ്ച കോടതി പരിഗണിക്കും. പരാതിക്കാരിയുടെ മൊഴി വീഡിയോ കോൺഫറൻസ് വഴി രേഖപ്പെടുത്തിയതിൽ ചട്ടലംഘനമുണ്ടെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്നുമാണ് പ്രതിഭാഗം കോടതിയിൽ ഉന്നയിക്കുന്നത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് തിരുവല്ലയിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. അന്വേഷണത്തോട് രാഹുൽ പൂർണ്ണമായി സഹകരിക്കുന്നില്ലെന്നാണ് അന്വേഷണ സംഘത്തിൽ നിന്നും ലഭിക്കുന്ന സൂചനകൾ.