പാലക്കാട്: പാലക്കാട് കോങ്ങാട് തടുക്കശ്ശേരി നാഗൻകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞ് പാപ്പാൻ കൊല്ലപ്പെട്ടു. കൊല്ലങ്കോട് സ്വദേശി രാമൻ ആണ് മരിച്ചത്. ‘കൊല്ലങ്കോട് ഗോവിന്ദൻകുട്ടി’ എന്ന ആനയാണ് ഇടഞ്ഞത്.(Elephant attacks during Kongad temple festival, mahout trampled to death)
ചൊവ്വാഴ്ച പകൽ ശീവേലിക്കിടെ തെക്കുംഭാഗം ദേശം എഴുന്നള്ളിച്ച ആനയാണ് പെട്ടെന്ന് വിരണ്ടത്. പരിഭ്രാന്തനായി ഓടിയ ആന സമീപത്തെ വീടുകളിലേക്ക് കയറാൻ ശ്രമിച്ചു. ഈ സമയത്ത് ആനയെ തളയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് പാപ്പാൻ രാമനെ ആന ആക്രമിക്കുകയും ചവിട്ടുകയും ചെയ്തത്.
ഗുരുതരമായി പരിക്കേറ്റ രാമനെ ഉടൻ തന്നെ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിന് ശേഷവും ആനയെ പൂർണ്ണമായും നിയന്ത്രണത്തിലാക്കാൻ സാധിച്ചിട്ടില്ല. ആനയെ തളയ്ക്കാനുള്ള തീവ്രശ്രമം തുടരുകയാണ്.

