കോട്ടയം: എസ്.ഐ.ആർ. ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മർദം കാരണം വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ആത്മഹത്യാ ഭീഷണി മുഴക്കിയ പൂഞ്ഞാറിലെ ബി.എൽ.ഒ. ആൻ്റണിയെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ നേരിൽ കണ്ടു. തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ആൻ്റണിയുടെ വീട്ടിലെത്തി സംസാരിച്ചത്.(Election officials personally met the BLO who made a suicide threat)
പൂഞ്ഞാർ മണ്ഡലത്തിലെ 110-ാം ബൂത്തിലെ ബി.എൽ.ഒ.യും ഇടുക്കിയിൽ പോളിടെക്നിക്ക് ജീവനക്കാരനുമാണ് ആൻ്റണി. കടുത്ത മാനസിക സംഘർഷം ഉണ്ടായപ്പോഴാണ് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ശബ്ദ സന്ദേശം അയച്ചതെന്ന് ആൻ്റണി ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. "തനിക്ക് ഈ സമ്മർദം താങ്ങാൻ കഴിയുന്നില്ലെന്നും മാനസിക നില തകർന്നെന്നും ആത്മഹത്യ ചെയ്യാനുള്ള തോന്നലാണ് ഉള്ളത്" എന്നും ആൻ്റണി ഓഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു.
ആൻ്റണിക്ക് ജോലിയിൽ നിന്ന് വിടുതൽ നൽകാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചെങ്കിലും, ജോലിയിൽ തുടരാനാണ് അദ്ദേഹം മറുപടി നൽകിയത്. ജോലിഭാരം അറിയിച്ചതിനെ തുടർന്ന് ആൻ്റണിയെ സഹായിക്കുന്നതിനായി മുണ്ടക്കയം വില്ലേജ് ഓഫീസിലെ രണ്ട് ജീവനക്കാരെ കൂടി തിരഞ്ഞെടുപ്പ് കമ്മീഷൻ ചുമതലപ്പെടുത്തി.