ഇലന്തൂർ നരബലി കേസ്: 3 വർഷമായിട്ടും വിചാരണ തുടങ്ങിയില്ല; പ്രോസിക്യൂട്ടറെ നിയമിക്കുന്നതിൽ കാലതാമസം, പ്രതികൾ ജാമ്യാപേക്ഷ സമർപ്പിക്കും | Elanthoor human sacrifice

പ്രതികളുടെ ജാമ്യാപേക്ഷ ഡിസംബർ 6-ന് വിചാരണക്കോടതി പരിഗണിക്കും
ഇലന്തൂർ നരബലി കേസ്: 3 വർഷമായിട്ടും വിചാരണ തുടങ്ങിയില്ല; പ്രോസിക്യൂട്ടറെ നിയമിക്കുന്നതിൽ കാലതാമസം, പ്രതികൾ ജാമ്യാപേക്ഷ സമർപ്പിക്കും | Elanthoor human sacrifice
Published on

പത്തനംതിട്ട: കേരളത്തെ ഞെട്ടിച്ച ഇലന്തൂർ നരബലി കേസ് നടന്നിട്ട് മൂന്ന് വർഷം പിന്നിട്ടിട്ടും വിചാരണ നടപടികൾ ആരംഭിച്ചില്ല. സർക്കാർ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിലെ തുടർച്ചയായ കാലതാമസമാണ് കേസിന്റെ വിചാരണ അനിശ്ചിതത്വത്തിലാക്കുന്നത്.(Elanthoor human sacrifice case, Trial has not started even after 3 years)

ഇതിനിടെ, കേസിൽ പ്രതികൾ നൽകിയ ജാമ്യാപേക്ഷ ഡിസംബർ 6-ന് വിചാരണക്കോടതി പരിഗണിക്കും. പ്രതികൾ ജയിലിലായിട്ട് മൂന്ന് വർഷവും ഒരു മാസവും പിന്നിട്ടു. അന്ധവിശ്വാസത്തിൻ്റെ മറവിൽ രണ്ട് സ്ത്രീകളെ അതിക്രൂരമായി ബലി നൽകിയെന്ന നടുക്കുന്ന കണ്ടെത്തൽ കേരള പോലീസ് നടത്തിയത് 2022 ഒക്ടോബറിലാണ്. കേസിലെ മുഖ്യപ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽ സിംഗ്, ഭഗവൽ സിംഗിൻ്റെ ഭാര്യ ലൈല എന്നിവരെ പോലീസ് ഉടൻ അറസ്റ്റ് ചെയ്യുകയും അന്വേഷണ ഉദ്യോഗസ്ഥർ പെട്ടെന്ന് തന്നെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു.

കുറ്റപത്രം സമർപ്പിച്ചതിന് ശേഷം ഒരു വർഷത്തോളം സർക്കാർ പ്രോസിക്യൂട്ടറെ നിയമിച്ചില്ല. വാർത്തകളും വിവാദങ്ങളും ശക്തമായതോടെയാണ് അഡ്വക്കേറ്റ് ഉണ്ണികൃഷ്ണനെ പ്രോസിക്യൂട്ടറായി നിയമിച്ചത്. എന്നാൽ കൂടത്തായി കേസിൻ്റെ തിരക്ക് കാരണം അദ്ദേഹം സ്വയം ഒഴിഞ്ഞുമാറി. തുടർന്ന് അഡ്വക്കേറ്റ് അനിൽകുമാറിനെ നിയമിച്ചെങ്കിലും അദ്ദേഹം കഴിഞ്ഞ ഓഗസ്റ്റിൽ പിൻമാറി.

പിന്നീട് അഡ്വക്കേറ്റ് അജയകുമാറിനെ പ്രോസിക്യൂട്ടറാക്കുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും ഇത് സംബന്ധിച്ച് ഉത്തരവൊന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. നിലവിൽ കേസിൽ പബ്ലിക് പ്രോസിക്യൂട്ടറില്ലാത്ത അവസ്ഥയാണ്. വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോകാനാവില്ലെന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ കോടതി വ്യക്തമാക്കിയിരുന്നു. സർക്കാർ പ്രോസിക്യൂട്ടറെ നിയമിച്ചില്ലെങ്കിൽ മറ്റ് നടപടികളിലേക്ക് കടക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികൾ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com