കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ എം.എൽ.എ പി.വി. അൻവറിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ് അയച്ചു. ചോദ്യംചെയ്യലിനായി വരുന്ന ബുധനാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.(ED notice to PV Anvar, asking to be in the office on Wednesday)
2016 മുതൽ 2021 വരെയുള്ള അഞ്ച് വർഷ കാലയളവിൽ പി.വി. അൻവറിന്റെ സ്വത്തിൽ ഏകദേശം 50 കോടി രൂപയുടെ വർധനവുണ്ടായതായാണ് ഇ.ഡിയുടെ പ്രാഥമിക കണ്ടെത്തൽ. ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്നുള്ള വായ്പയുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലാണ് അന്വേഷണം നടക്കുന്നത്. ഒരേ വസ്തു തന്നെ പണയപ്പെടുത്തി വിവിധ വായ്പകൾ കൈപ്പറ്റിയതായി ഇ.ഡി കണ്ടെത്തിയിട്ടുണ്ട്.
അൻവറിന് ദുരൂഹമായ ബെനാമി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നും ഇ.ഡി ആരോപിക്കുന്നു. നേരത്തെ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിന്റെ തുടർച്ചയായാണ് ഇ.ഡി ഇപ്പോൾ അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്. കേസിന്റെ ഭാഗമായി അൻവറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ ഉൾപ്പെടെ ആറിടങ്ങളിൽ ഇ.ഡി നേരത്തെ പരിശോധന നടത്തിയിരുന്നു.