തിരുവനന്തപുരം: മാനവരാശിക്ക് സ്നേഹത്തിന്റെയും പ്രത്യാശയുടെയും സന്ദേശം പകർന്ന് ലോകമെമ്പാടുമുള്ള വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. ശനിയാഴ്ച അർദ്ധരാത്രി മുതൽ വിവിധ പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷകളും നടന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങുകളിൽ ഉന്നത സഭാ മേലധ്യക്ഷന്മാർ വിശ്വാസികൾക്ക് ഈസ്റ്റർ സന്ദേശം നൽകി.(Easter celebrations around the world, Call to pray for peace)
തിരുവനന്തപുരം പാളയം സെന്റ് ജോസഫ് കത്തീഡ്രലിലെ ഈസ്റ്റർ ശുശ്രൂഷകൾക്ക് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ മുഖ്യകാർമികത്വം വഹിച്ചു. ലോകം ഇന്ന് വലിയ ഭയപ്പാടിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധങ്ങൾ ലോകത്തെമ്പാടുമുള്ള മനുഷ്യരെ വേദനിപ്പിക്കുകയാണ്. ഈ ഭയത്തിൽ നിന്ന് ലോകം മുക്തമാകാനും യുദ്ധങ്ങൾ അവസാനിക്കാനും ഉയർപ്പ് ദിനത്തിൽ നമുക്ക് പ്രാർത്ഥിക്കാം, അദ്ദേഹം ഓർമ്മിപ്പിച്ചു.
തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ വിശ്വാസികൾ ജാഗ്രത പാലിക്കണമെന്ന് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവ ആഹ്വാനം ചെയ്തു. പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ വിശ്വാസിയും മനസാക്ഷിക്ക് അനുസരിച്ച് വോട്ട് രേഖപ്പെടുത്തണം. ഒരാളും വോട്ട് പാഴാക്കരുത്.
രാജ്യത്ത് നിലവിൽ വരുന്ന പുതിയ നിയമങ്ങളെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. ഈ നിയമങ്ങളിൽ പലതിലും ആശങ്കയുണ്ടാക്കുന്ന കാര്യങ്ങൾ പുറത്തുവരുന്നുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ക്രൈസ്തവരല്ലാത്തവർക്ക് വേണ്ടി സഭ നടത്തുന്ന പദ്ധതികൾ സഭയുടെ സേവന മനഃസ്ഥിതിയുടെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ മറ്റ് പ്രമുഖ പള്ളികളിലും വിശ്വാസികൾ ഈസ്റ്റർ പ്രാർത്ഥനകളിൽ പങ്കുചേർന്നു. കുരിശുമരണത്തിന് മേൽ യേശുക്രിസ്തു നേടിയ വിജയത്തിന്റെ സ്മരണ പുതുക്കിയാണ് ഈസ്റ്റർ ആഘോഷങ്ങൾ നടക്കുന്നത്.

