'പഴയവ പൊതു സ്വത്തായി സൂക്ഷിക്കണം' : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രിക്ക് കുരുക്ക് മുറുക്കി ദേവസ്വം ഉത്തരവ്, തള്ളി തന്ത്രി സമാജം, ശാസ്ത്രീയ പരിശോധന റിപ്പോർട്ട് കോടതിയിൽ, N വിജയകുമാർ കസ്റ്റഡിയിൽ | Sabarimala

മുൻ ഭരണസമിതി പ്രതിക്കൂട്ടിൽ
1
Updated on

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ അന്വേഷണം മുൻ ഭരണസമിതികളിലേക്കും വ്യാപിക്കുന്നു. 2012-ലെ ദേവസ്വം ബോർഡ് ഉത്തരവ് ലംഘിച്ചുകൊണ്ട് വാജിവാഹനം തന്ത്രിക്ക് നൽകിയ നടപടിയാണ് ഇപ്പോൾ പുതിയ നിയമ കുരുക്കായി മാറുന്നത്. ശബരിമലയിലെ വാജിവാഹനം ഉൾപ്പെടെയുള്ളവ തന്ത്രിക്ക് അവകാശപ്പെട്ടതല്ലെന്ന് വ്യക്തമാക്കുന്ന ഉത്തരവ് ആണ് പുറത്തായത്.(Devaswom order against Tantri in Sabarimala gold theft case)

ക്ഷേത്രത്തിലെ പൂജയുടെ ഭാഗമായി ഏതെങ്കിലും സാധനങ്ങൾ മാറ്റേണ്ടി വന്നാൽ അത് ദേവസ്വത്തിൻ്റെ മാത്രം സ്വത്താണ്. അത് പുറത്തേക്ക് കൊണ്ടുപോകാൻ ആർക്കും അവകാശമില്ല. 2012-ൽ പുറത്തിറങ്ങിയ ഈ ഉത്തരവ് സർക്കുലർ ആയി തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലേക്കും അയച്ചിരുന്നു. ശബരിമലയിൽ മാത്രമല്ല, എല്ലാ ക്ഷേത്രങ്ങൾക്കും ഇത് ബാധകമാണ്.

പഴയ വസ്തുക്കൾ മാറ്റിവെക്കുമ്പോൾ അവ പൊതുസ്വത്തായി കണക്കാക്കി ബോർഡ് തന്നെ സുരക്ഷിതമായി സൂക്ഷിക്കണം. ഇതോടെ അന്നത്തെ ഭരണസമിതിയും ഈ കേസിൽ അന്വേഷണ പരിധിയിൽ വരും. നിലവിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവർക്ക് ഈ വസ്തുക്കൾ കൈവശം വെക്കാൻ നിയമപരമായി അവകാശമില്ലായിരുന്നുവെന്ന് ഈ രേഖ തെളിയിക്കുന്നു.

ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണ്ണായകമായ ശാസ്ത്രീയ തെളിവുകൾ കോടതിയിലെത്തി. വിക്രം സാരാഭായ് സ്പേസ് സെന്ററിൽ നടത്തിയ 15 ഓളം സാമ്പിളുകളുടെ പരിശോധനാ ഫലമാണ് സീൽ ചെയ്ത കവറിൽ വിജിലൻസ് കോടതിയിൽ സമർപ്പിച്ചത്.

ശ്രീകോവിലിലെ ദ്വാരപാലക ശിൽപ്പങ്ങൾ, കട്ടിളപാളി എന്നിവയുടെ സാമ്പിളുകൾ ആണ് ഇത്. സ്വർണ്ണം പൂശിയ നിലയിൽ കണ്ടെത്തിയ ചെമ്പു പാളികളുടെ ഗുണനിലവാരവും പഴക്കവും പരിശോധിച്ചു. പാളികളിൽ എത്രത്തോളം സ്വർണ്ണം അടങ്ങിയിട്ടുണ്ടെന്നും അതിൽ എന്തെങ്കിലും തരത്തിലുള്ള കൃത്രിമത്വം നടന്നിട്ടുണ്ടോ എന്നും അറിയാനാണ് വി.എസ്.എസ്.സിയുടെ സഹായം തേടിയത്.

ശബരിമലയിൽ പഴയ സ്വർണ്ണപ്പാളികൾ മാറ്റി പുതിയവ സ്ഥാപിച്ചപ്പോൾ വൻതോതിൽ സ്വർണ്ണം കടത്തിയെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. പിടിച്ചെടുത്ത വസ്തുക്കളിൽ യഥാർത്ഥത്തിൽ സ്വർണ്ണമുണ്ടോ അതോ മറ്റേതെങ്കിലും ലോഹമാണോ എന്ന് ശാസ്ത്രീയമായി തെളിയിക്കാൻ ഈ റിപ്പോർട്ട് സഹായിക്കും.

അതേസമയം, ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിനെ ഒരു ദിവസത്തെ കസ്റ്റഡിയിൽ വിട്ടുകൊണ്ട് കൊല്ലം വിജിലൻസ് കോടതി ഉത്തരവിട്ടു. പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് നടപടി. എ. പത്മകുമാർ പ്രസിഡന്റായിരുന്ന ബോർഡിലെ അംഗമായിരുന്നു വിജയകുമാർ. ഇയാൾക്കുള്ള പങ്കിനെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്താനാണ് വിജിലൻസ് നീക്കം. കൂടുതൽ ചോദ്യം ചെയ്യൽ നടത്തും.

ശബരിമലയിലെ വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടതല്ലെന്ന ദേവസ്വം ബോർഡ് ഉത്തരവിനെ തള്ളി തന്ത്രി സമാജം. തന്ത്രശാസ്ത്ര ഗ്രന്ഥമായ 'തന്ത്ര സമുച്ചയ'ത്തിലെ വ്യവസ്ഥകൾ പ്രകാരം ഇത്തരം വസ്തുക്കൾ തന്ത്രിക്ക് അവകാശപ്പെട്ടതാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.

ആചാരപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാനോ ഉത്തരവിറക്കാനോ ദേവസ്വം ബോർഡിന് അധികാരമില്ല. 2012-ലെ ഉത്തരവിനെക്കുറിച്ച് അറിയില്ലെന്നും അത് നിലനിൽക്കില്ലെന്നും യോഗക്ഷേമ സഭ പ്രസിഡന്റ് അഡ്വ. പി.എൻ.ഡി. നമ്പൂതിരി പറഞ്ഞു.

വാജി വാഹനം തന്ത്രിക്ക് നൽകിയത് ദേവസ്വം ബോർഡ് തന്നെയാണ്. അത് മോഷണം പോയതാണെന്ന് ബോർഡിന് പരാതിയില്ല. പിന്നെയെങ്ങനെ അത് സ്വർണ്ണക്കൊള്ളയായി മാറുമെന്ന് സമാജം ചോദിക്കുന്നു. ഗൂഢാലോചനയുടെ ഭാഗമാണ് ഈ നീക്കമെന്ന് നേതാക്കൾ ആരോപിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com