'അതിദാരിദ്ര്യമുക്ത പ്രഖ്യാപനം ഭൂലോക തട്ടിപ്പ്': K സുരേന്ദ്രൻ| Poverty

സംസ്ഥാന സർക്കാർ സ്വന്തമായി എന്താണ് ചെയ്തതെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു
'അതിദാരിദ്ര്യമുക്ത പ്രഖ്യാപനം ഭൂലോക തട്ടിപ്പ്': K സുരേന്ദ്രൻ| Poverty
Published on

തിരുവനന്തപുരം : കേരളത്തെ അതിദാരിദ്ര്യമുക്തമാക്കിയെന്ന സംസ്ഥാന സർക്കാരിൻ്റെ പ്രഖ്യാപനം ഭൂലോക തട്ടിപ്പാണെന്ന് ബി.ജെ.പി. നേതാവ് കെ. സുരേന്ദ്രൻ. സർക്കാർ പുറത്തുവിട്ട കണക്കുകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും പ്രഖ്യാപനം വെറും പി.ആർ. പ്രചരണവും പൊങ്ങച്ചവുമാണ് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(Declaration of being free from extreme poverty is a global fraud, says K Surendran)

കേരളത്തിൽ ജനങ്ങൾ പട്ടിണി കിടന്ന് മരിക്കാത്തതിന് കാരണം കേന്ദ്രസർക്കാർ നൽകുന്ന ആനുകൂല്യങ്ങളാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിദാരിദ്ര്യത്തിൽ നിന്ന് മോചിതരായത് പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാരിൻ്റെ പദ്ധതികൾ കാരണമാണ്. എന്നാൽ സംസ്ഥാന സർക്കാർ ഖജനാവിൽ കാശില്ലാത്തതിനാൽ കേന്ദ്ര പദ്ധതികൾ അട്ടിമറിക്കുകയാണ്. പ്രഖ്യാപനം കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണ്.

അതിദാരിദ്ര്യം കണ്ടെത്തിയ അറുപതിനായിരം പേരിൽ ഭൂരിഭാഗവും സി.പി.ഐ.എം. പ്രവർത്തകരാണ്. സർവ്വേ നടത്തിയത് എ.കെ.ജി. സെന്ററിൽ നിന്ന് പറഞ്ഞയച്ച വിദഗ്ധരെ വെച്ചാണെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.

സംസ്ഥാന സർക്കാരിന് ഒരു രൂപ പോലും ചെലവില്ലാതെ ഒരു കുടുംബത്തിന് 35 കിലോ അരി വീതം മോദി സർക്കാർ നൽകുന്നുണ്ട്. പാവപ്പെട്ടവർക്കായുള്ള എല്ലാ പദ്ധതികളും നൽകുന്നത് കേന്ദ്ര സർക്കാരാണ്. സംസ്ഥാനം പണം നീക്കിവെക്കാത്തതിനെ തുടർന്ന് പല കേന്ദ്ര പദ്ധതികളും മുടങ്ങിക്കിടക്കുകയാണ്. ലൈഫ് മിഷനിൽ ഏഴ് ലക്ഷത്തോളം അപേക്ഷകൾ കെട്ടിക്കിടക്കുകയും പല വീടുകളും പൂർത്തീകരിക്കാൻ കഴിയാതെ കിടക്കുകയും ചെയ്യുന്നു.

ദാരിദ്ര്യമുക്തമാക്കാൻ സംസ്ഥാന സർക്കാർ സ്വന്തമായി എന്താണ് ചെയ്തതെന്ന് വ്യക്തമാക്കണമെന്നും, കേന്ദ്രം നടപ്പാക്കുന്ന പദ്ധതികൾ പൂർണ്ണമായി നടപ്പാക്കാൻ സംസ്ഥാന സർക്കാരിന് സാധിക്കാത്തത് ഖജനാവിൽ കാശില്ലാത്തതുകൊണ്ടാണെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com