പത്തനംതിട്ട: തിരുവല്ല പൊടിയാടിയിൽ 47-കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പൊടിയാടി കൊച്ചുപുരയിൽ വീട്ടിൽ ശശികുമാർ (47) ആണ് കൊല്ലപ്പെട്ടത്.(Death of 47-year-old in Thiruvalla is a murder, Postmortem report reveals breakthrough)
ഈ മാസം 13-നാണ് ശശികുമാറിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം അസ്വാഭാവിക മരണത്തിനാണ് പുളിക്കീഴ് പോലീസ് കേസെടുത്തിരുന്നത്. എന്നാൽ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടാണ് കേസിൽ വഴിത്തിരിവായത്. തൈറോയ്ഡ് ഗ്രന്ഥിക്ക് മുറിവേറ്റതാണ് മരണകാരണം എന്ന കണ്ടെത്തലിനെ തുടർന്ന് പോലീസ് എഫ്.ഐ.ആർ. ഭേദഗതി വരുത്തി കൊലപാതകത്തിന് കേസെടുത്തു.
ഓട്ടോഡ്രൈവറും അവിവാഹിതനുമായിരുന്ന ശശികുമാർ സഹോദരനും കുടുംബത്തിനുമൊപ്പമാണ് താമസിച്ചിരുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.