തിരുവനന്തപുരം: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉയർത്തിയ “നീ പോ മോനേ വിജയാ” എന്ന അധിക്ഷേപ പരാമർശത്തിന് ഔദ്യോഗിക കത്തിലൂടെ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. രൂക്ഷമായ വാക്പോരുകൾക്കൊടുവിൽ ‘ഡിയർ ശ്രീ രേവന്ത് റെഡ്ഡി’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രി കത്തയച്ചിരിക്കുന്നത്.(Dear Shri Revanth Reddy, CM’s letter after the controversial remark )
മുഖ്യമന്ത്രി നേരത്തെ നടത്തിയ ‘ഡാഷ് മോൻ’ പരാമർശം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച പശ്ചാത്തലത്തിലാണ് ഇപ്പോൾ നയതന്ത്രപരമായ ഭാഷയിലുള്ള മറുപടി കത്ത് പുറത്തുവരുന്നത്. കേരളം വിവിധ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ അക്കമിട്ട് നിരത്തിയാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായ കേരള മോഡൽ വികസനത്തെക്കുറിച്ച് കത്തിൽ വ്യക്തമാക്കുന്നു.
പോകും, മുന്നോട്ട് തന്നെ പോകും; നവകേരള സൃഷ്ടിയിലൂടെ എല്ലാവർക്കും മാതൃക കാട്ടി മുന്നോട്ട് തന്നെ പോകും എന്ന് കുറിച്ചുകൊണ്ടാണ് മുഖ്യമന്ത്രി കത്ത് അവസാനിപ്പിക്കുന്നത്. രേവന്ത് റെഡ്ഡിയുടെ ‘നീ പോ’ എന്ന പ്രയോഗത്തിനുള്ള രാഷ്ട്രീയ മറുപടിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. കണ്ണൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി നടത്തിയ ‘ഡാഷ് മോൻ’ പ്രയോഗം പ്രതിപക്ഷം വലിയ ആയുധമാക്കിയിരുന്നു. മുഖ്യമന്ത്രി ആ വാക്ക് പൂരിപ്പിച്ചിരുന്നെങ്കിൽ കേരളത്തിന് അത് വലിയ നാണക്കേടാകുമായിരുന്നു എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിമർശിച്ചിരുന്നു.

