'കായ് ഫലമുള്ള മരം': KB ഗണേഷ് കുമാറിനായി വോട്ട് അഭ്യർത്ഥിച്ച കോൺഗ്രസ് പഞ്ചായത്ത് പ്രസിഡൻ്റിന് DCCയുടെ കാരണം കാണിക്കൽ നോട്ടീസ് | DCC

അദ്ദേഹത്തെ തലച്ചിറ വാർഡ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തു
DCC issues show cause notice to Congress Panchayat President for seeking votes for KB Ganesh Kumar
Published on

പത്തനംതിട്ട: മന്ത്രി കെ.ബി. ഗണേഷ് കുമാറിന് വേണ്ടി പരസ്യമായി വോട്ട് അഭ്യർത്ഥിച്ച കോൺഗ്രസ് നേതാവും വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ അബ്ദുൾ അസീസിനെതിരെ ഡി.സി.സി. നടപടി സ്വീകരിച്ചു. അബ്ദുൾ അസീസിന് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും തലച്ചിറ വാർഡ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തു.(DCC issues show cause notice to Congress Panchayat President for seeking votes for KB Ganesh Kumar)

പത്തനാപുരം നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ റോഡ് ഉദ്ഘാടന ചടങ്ങായിരുന്നു വിവാദങ്ങൾക്ക് വേദിയായത്. ഉദ്ഘാടകനായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുത്ത ചടങ്ങിൽ കോൺഗ്രസ് നേതാവായ അബ്ദുൾ അസീസ് നടത്തിയ പ്രസംഗമാണ് പാർട്ടിയിൽ പൊട്ടിത്തെറി ഉണ്ടാക്കിയത്.

ഗണേഷ് കുമാറിനെ വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കണമെന്ന് അബ്ദുൾ അസീസ് വേദിയിൽ വെച്ച് പരസ്യമായി ആഹ്വാനം ചെയ്തു. ഗണേഷ് കുമാർ "കായ് ഫലമുള്ള മരമാണ്" എന്ന് വിശേഷിപ്പിച്ച അദ്ദേഹം, "വോട്ട് ചോദിച്ചു വരുന്ന മച്ചി മരങ്ങളെ ജനങ്ങൾ തിരിച്ചറിയണം" എന്നും തുറന്നടിച്ചു.

പ്രസിഡന്റിന്റെ ഈ വോട്ട് അഭ്യർത്ഥന വേദിയിലും സദസ്സിലും അമ്പരപ്പുണ്ടാക്കി. 'മച്ചി മരം' എന്ന പരാമർശം, പ്രധാന പ്രതിപക്ഷമായ കോൺഗ്രസിനെ തന്നെയാണ് ലക്ഷ്യമിട്ടതെന്നാണ് ജനങ്ങൾക്കിടയിലെ സംസാരം. തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കെ എൽ.ഡി.എഫ്. മന്ത്രിക്ക് വേണ്ടി കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് നടത്തിയ പ്രസംഗം നാട്ടിലാകെ ചർച്ചയായിരിക്കുകയാണ്.

അബ്ദുൾ അസീസ് പാർട്ടി വിരുദ്ധ നടപടി ആവർത്തിക്കുന്നുവെന്ന് ആരോപിച്ച് അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന നിലപാടിലാണ് കോൺഗ്രസ് ചക്കുവരക്കൽ മണ്ഡലം കമ്മിറ്റി. ഇതിന്റെ ഭാഗമായാണ് ഡി.സി.സി. കാരണം കാണിക്കൽ നോട്ടീസ് നൽകുകയും വാർഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തത്.

Related Stories

No stories found.
Times Kerala
timeskerala.com