കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ സി.പി.എമ്മിനെതിരെ ഗുരുതരമായ ക്രമക്കേട് ആരോപണവുമായി കെ.സി. വേണുഗോപാൽ. പയ്യന്നൂർ കേന്ദ്രീകരിച്ച് സി.പി.എം വ്യാപകമായി വ്യാജ ആധാർ കാർഡുകൾ നിർമ്മിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. തോൽവി ഭയന്ന് പഴയ കള്ളവോട്ട് തന്ത്രങ്ങൾ പുറത്തെടുക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(CPM is making fake Aadhaar cards in Payyanur, KC Venugopal makes serious allegations)
പയ്യന്നൂരിലെ പാർട്ടി ഓഫീസ് വ്യാജ ഐ.ഡി കാർഡ് നിർമ്മാണ കേന്ദ്രമായി മാറിയിരിക്കുകയാണ്. വിറളിപൂണ്ട സി.പി.എം ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നു. മുൻ മന്ത്രി ജി. സുധാകരനെ വർഗീയവാദിയായി ചിത്രീകരിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നത്. തരംതാഴ്ന്ന രാഷ്ട്രീയ ആക്രമണമാണ് മുഖ്യമന്ത്രിയുടേത്. സുധാകരനെ കുറ്റപ്പെടുത്തുന്നതിന് മുൻപ് മുഖ്യമന്ത്രി സ്വന്തം മുഖം കണ്ണാടിയിൽ നോക്കുന്നത് നന്നായിരിക്കുമെന്ന് വേണുഗോപാൽ പരിഹസിച്ചു.
വയനാട് ദുരിതാശ്വാസ ഫണ്ടിലെ തുകയെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയ അദ്ദേഹം, കണക്കുകളെല്ലാം കൃത്യമാണെന്നും അത് യഥാസമയം പുറത്തുവിടുമെന്നും വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പ്രസംഗങ്ങൾ ആർക്കുവേണ്ടിയുള്ളതാണെന്ന് ജനങ്ങൾക്ക് കൃത്യമായി അറിയാം. ഭരണത്തുടർച്ച ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് ഇത്തരം വേലകളുമായി മുഖ്യമന്ത്രിയും സി.പി.എമ്മും മുന്നോട്ട് പോകുന്നതെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.

