കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ (ബി.എൽ.ഒ.) അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ സി.പി.എമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാക്കൾ രംഗത്ത്. സി.പി.എം. പ്രവർത്തകരുടെ ഭീഷണിയും ജോലി സമ്മർദ്ദവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി. പ്രസിഡന്‍റ് സണ്ണി ജോസഫും ആരോപിച്ചു.(CPM is implementing BJP's evil intention, Congress on the incident of suicides including BLO)
അനീഷന്റെ ആത്മഹത്യയിൽ സി.പി.എം. പ്രവർത്തകർക്ക് പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. സംഭവത്തിൽ ഗൗരവമായ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സി.പി.എം. ഭീഷണിയും ജോലി സമ്മർദ്ദവുമാണ് മരണകാരണം. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യം ഗൗരവമായി പഠിക്കണം.
"ബി.ജെ.പി.യുടെ ദുരുദ്ദേശം മറ്റൊരു തലത്തിൽ ദുരുദ്ദേശത്തോടെ തന്നെ സി.പി.എം. നടപ്പാക്കുന്നു. ബി.ജെ.പി.യിൽ രണ്ട് പേർ ആത്മഹത്യ ചെയ്തു. സാമ്പത്തികമായ ഗുരുതര ആരോപണം നേതാക്കൾക്കെതിരെ ഉയർന്നു. എം.എസ്. കുമാർ അടക്കം ഗൗരവമായ ആരോപണം ഉന്നയിക്കുന്നു. ബി.ജെ.പി. ആടി ഉലയുകയാണ്. ആ ബി.ജെ.പി.യുമായി ബന്ധം ഉണ്ടാക്കാനാണ് സി.പി.എം. ശ്രമിക്കുന്നത്," പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
ബി.എൽ.ഒ. അനീഷിന്റെ മരണം അത്യന്തം വേദനാജനകമെന്നാണ് കെ.പി.സി.സി. പ്രസിഡന്‍റ് സണ്ണി ജോസഫ് പ്രതികരിച്ചത്. "സി.പി.എം. പ്രവർത്തകർ അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയിരുന്നു. കോൺഗ്രസ് കൂടെ കൂട്ടിയതിന്‍റെ പേരിലായിരുന്നു ഇത്." സംഭവത്തിൽ വസ്തുനിഷ്ഠമായ അന്വേഷണം വേണമെന്നും കുറ്റക്കാരെ ഒരു കാരണവശാലും സംരക്ഷിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബി.എൽ.ഒ.മാരുടെ ഇന്നത്തെ സമരത്തെ കോൺഗ്രസ് പിന്തുണയ്ക്കും. എസ്.ഐ.ആറുമായി ബന്ധപ്പെട്ട് നിലവിലെ നടപടികൾ പ്രായോഗികമല്ലെന്നും ഒട്ടും യോജിച്ച സമയത്തല്ല ഇത്തരം നടപടികൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും കെ.പി.സി.സി. പ്രസിഡന്‍റ് വ്യക്തമാക്കി.