'ചോരത്തിളപ്പുള്ള കുട്ടികൾ ഞങ്ങൾക്കുമുണ്ട്, CPM അപ്പനില്ലാത്ത പാർട്ടിയായി മാറി': കണ്ണൂർ വിഷയത്തിൽ കെ സുധാകരൻ | CPM

ഗുണ്ടകൾ വീടുകൾ തോറും കയറി ഭയപ്പെടുത്തി എന്നും അദ്ദേഹം പറഞ്ഞു
CPM has become a party without a father, says K Sudhakaran on Kannur issue

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂരിൽ നടക്കുന്ന രാഷ്ട്രീയ സംഘർഷങ്ങളിൽ സി.പി.എമ്മിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ. "ഗുണ്ടകളെ നിയന്ത്രിക്കാൻ തൻ്റേടികളായ നേതാക്കളില്ലാത്ത, അപ്പനില്ലാത്ത പാർട്ടിയായി സി.പി.എം. മാറിയിരിക്കുകയാണ്," എന്ന് അദ്ദേഹം പ്രമുഖ മാധ്യമത്തോട് പറഞ്ഞു.(CPM has become a party without a father, says K Sudhakaran on Kannur issue)

ആന്തൂരിലും മലപ്പട്ടത്തും സി.പി.എം. പ്രവർത്തകർ അഴിഞ്ഞാടുകയാണെന്നും, ഈ രീതി തുടർന്നാൽ കണ്ണൂർ കലാപഭൂമിയായി മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സി.പി.എം. ജനാധിപത്യത്തെ തകർക്കാൻ ശ്രമിക്കുകയാണെന്ന് സുധാകരൻ ആരോപിച്ചു. സി.പി.എം. ഗുണ്ടകൾ വീടുകൾ തോറും കയറി ഭയപ്പെടുത്തി, പുറത്തിറങ്ങാൻ സാധിക്കാത്ത സാഹചര്യം സൃഷ്ടിക്കുകയാണ്.

സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ സി.പി.എം. പ്രവർത്തകർ റിട്ടേണിങ് ഓഫീസറുടെ മുന്നിൽ എത്തി പത്രിക പിൻവലിപ്പിക്കുകയാണ്. സി.പി.എം. ആക്രമണത്തെ ഭയന്ന് റിട്ടേണിങ് ഓഫീസർമാർ പത്രിക തള്ളുകയാണ്. "ഞങ്ങളാരും മോശക്കാരല്ല, ഞങ്ങൾക്കുമുണ്ട് ചോരത്തിളപ്പുള്ള കുട്ടികൾ. അവരെ ഞങ്ങൾ ഇറക്കിയാൽ ഈ നാടിൻ്റെ ഗതിയെന്താവും?" സുധാകരൻ ചോദിച്ചു. എന്തുവിലകൊടുത്തും സി.പി.എം. ഭീഷണിയെ കോൺഗ്രസ് പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കണ്ണൂരിൽ നടക്കുന്നത് സി.പി.എം. കാടത്തമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രതികരിച്ചു. എതിർ സ്ഥാനാർഥികളെ സി.പി.എം. ഭീഷണിപ്പെടുത്തുകയാണെന്നും, സംസ്ഥാന സെക്രട്ടറിയുടെ വാർഡിൽ പോലും എതിരാളികൾക്ക് ഭീഷണിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

"സ്വന്തം ജില്ലയിലും വാർഡിലും ജനാധിപത്യവും സ്വാതന്ത്ര്യവും അനുവദിക്കാത്ത പിണറായി വിജയനും എം.വി. ഗോവിന്ദനുമാണോ ഫാഷിസ്റ്റ് വിരുദ്ധ ക്ലാസെടുക്കുന്നത്?" സതീശൻ പരിഹസിച്ചു. യു.ഡി.എഫ്. സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രികകൾ തള്ളാൻ ഒരു സംഘം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നുണ്ട്. ഇതിനെ നിയമപരമായി നേരിടുമെന്നും വി.ഡി. സതീശൻ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com