പത്തനംതിട്ട: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ തനിക്കെതിരെ ചില നേതാക്കൾ കാലുവാരിയെന്ന മുതിർന്ന നേതാവായ കെ.സി. രാജഗോപാലന്റെ ആരോപണത്തിനെതിരെ മുൻ ജില്ലാ കമ്മിറ്റി അംഗം കെ. പ്രകാശ് ബാബു ഫേസ്ബുക്കിലൂടെ രംഗത്ത്.(CPM district committee member criticizes KCR's allegation)
"മലർന്നു കിടന്നു തുപ്പരുത്" എന്ന ശക്തമായ പരിഹാസത്തോടെയാണ് പ്രകാശ് ബാബുവിന്റെ പോസ്റ്റ് ആരംഭിക്കുന്നത്. പാർട്ടിയിൽ ചോദ്യം ചെയ്യപ്പെടാത്ത നേതാവായിരുന്ന പഴയകാലം കെ.സി.ആർ. മറക്കരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
കെ.സി. രാജഗോപാലൻ തന്റെ ഗ്രൂപ്പ് ആധിപത്യം ഉപയോഗിച്ച് വി.എസ് പക്ഷത്തുണ്ടായിരുന്ന നിരവധി പേരെ പാർട്ടിയിൽ ഒതുക്കാൻ ശ്രമിച്ച ചരിത്രത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. "പാർട്ടിയിലെ ഗ്രൂപ്പ് ആധിപത്യ കാലത്ത് വി.എസ്. പക്ഷത്തുനിന്ന് നിരവധി പേരെ അങ്ങ് ശിരച്ഛേദം നടത്തി. അനർഹർക്ക് താൽക്കാലിക ലാഭത്തിനുവേണ്ടി അവസരങ്ങൾ നൽകിയതിന്റെ ഫലമാണ് കെ.സി. രാജഗോപാലൻ ഇപ്പോൾ അനുഭവിക്കുന്നത്."