തിരുവനന്തപുരം: ഉള്ളൂരിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആക്കുളം മാവടിനട പുഷ്പ ഭവനിൽ രഘുനാഥൻ നായർ, ഭാര്യ പുഷ്പ എന്നിവരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ടെത്തിയ മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്.(Couple found dead inside house in Thiruvananthapuram, Bodies were days old)
വീടിനുള്ളിൽ നിന്ന് ദുർഗന്ധം വമിച്ചതിനെത്തുടർന്ന് ബന്ധുക്കൾ മെഡിക്കൽ കോളജ് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ഒമ്പതോടെ പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രഘുനാഥൻ നായരെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിലും പുഷ്പയുടെ മൃതദേഹം തറയിലുമാണ് കണ്ടെത്തിയത്.
മരിച്ച ദമ്പതികൾ അയൽവാസികളുമായി വലിയ അടുപ്പം പുലർത്തിയിരുന്നില്ലെന്ന് നാട്ടുകാർ പോലീസിന് മൊഴി നൽകി. മൃതദേഹങ്ങൾ നടപടികൾക്ക് ശേഷം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

