തിരുവനന്തപുരം: സംസ്ഥാനത്തെ നൈപുണ്യ വികസന രംഗത്ത് സമഗ്രമായ മാറ്റം ലക്ഷ്യമിട്ടുള്ള 25 കർമ്മപദ്ധതികൾ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസിനെ സംസ്ഥാനത്തെ നൈപുണ്യ പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവാക്കി മാറ്റിക്കൊണ്ട്, ഉദ്യോഗാർത്ഥികൾക്ക് സുരക്ഷിതമായ വിദേശ കുടിയേറ്റവും മികച്ച ആഭ്യന്തര തൊഴിലവസരങ്ങളും ഉറപ്പാക്കുകയാണ് ലക്ഷ്യം.(Comprehensive change in the field of skill development in Kerala, Minister V Sivankutty with a 25-point action plan)
സംസ്ഥാനത്ത് നൈപുണ്യ വികസനത്തിനായി ഒരു ‘സ്‌കിൽ സെക്രട്ടറിയേറ്റ്’ രൂപീകരിക്കും. രാജ്യത്താദ്യമായി വികേന്ദ്രീകൃത നൈപുണ്യ വികസന മാതൃക നടപ്പിലാക്കുന്നതിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കും. ഓരോ ജില്ലയിലെയും തൊഴിൽ ആവശ്യകതകൾ പഠിക്കാനായി തയ്യാറാക്കിയ ‘സ്‌കിൽ ഗ്യാപ് റിപ്പോർട്ട്’ ഉടൻ സമർപ്പിക്കും. വിവിധ സർക്കാർ വകുപ്പുകളുടെ പ്ലാൻ ഫണ്ട് ഏകോപിപ്പിച്ച് നൈപുണ്യ പരിശീലനത്തിന് സാങ്കേതിക സഹായം നൽകാൻ കെയ്‌സിനെ പ്രാപ്തമാക്കും.
വിദേശ തൊഴിൽ വിപണി ലക്ഷ്യമിട്ട് ഉന്നത നിലവാരത്തിലുള്ള സ്ഥാപനങ്ങൾ കേരളത്തിൽ പ്രവർത്തനമാരംഭിക്കും. മെട്രോ-റെയിൽ സാങ്കേതിക വിദ്യയിൽ പരിശീലനത്തിനായി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെട്രോ ആൻഡ് റെയിൽ ടെക്‌നോളജിയും, വിദേശ ഭാഷാ പഠനത്തിനായി ഐ.ഐ.എഫ്.എല്ലും കൊച്ചിയിൽ ആരംഭിക്കും. കൊട്ടാരക്കരയിൽ എൻ.ഐ.ഇ.എൽ.ഐ.റ്റി. യുമായി സഹകരിച്ച് ഇന്നൊവേഷൻ ആൻഡ് റിസർച്ച് പാർക്ക് സ്ഥാപിക്കും. സ്‌കിൽ ഇന്ത്യ ഇന്റർനാഷണൽ സെന്റർ തിരുവനന്തപുരത്ത് മൈഗ്രേഷൻ ഫെസിലിറ്റേഷൻ സെന്ററോടു കൂടി സ്ഥാപിക്കാനുള്ള കരാർ പൂർത്തിയായി.
കേരളത്തിലെ യുവജനങ്ങൾക്ക് വിദേശത്ത് മാന്യമായ തൊഴിൽ ഉറപ്പാക്കാൻ ജർമ്മനിയിലെ ഹെസ്സൻ സംസ്ഥാനവുമായി ‘സിസ്റ്റർ സ്റ്റേറ്റ്’ പങ്കാളിത്ത കരാർ മാർച്ചിൽ ഒപ്പിടും. 2026 മാർച്ചിൽ നടത്തുന്ന ഇൻഡോ-ജർമ്മൻ ട്രേഡ് ഫെയറിലൂടെ 500 പേർക്ക് ജർമ്മനിയിൽ പ്രതിമാസം 1.08 ലക്ഷം രൂപ സ്‌റ്റൈപ്പന്റോടെ പരിശീലനവും തൊഴിലും ഉറപ്പാക്കും. 9000 കോടി രൂപയുടെ നിക്ഷേപവും 300 ഡീപ് ടെക് സ്റ്റാർട്ടപ്പുകളും ലക്ഷ്യമിട്ട് ജർമ്മൻ സ്റ്റാർട്ടപ്പ് ഫാക്ടറിയുമായി സഹകരിക്കും.
മാർച്ച് 26-ന് കേരളത്തിലെത്തുന്ന ഓസ്ട്രിയൻ ഐ.ടി പ്രതിനിധി സംഘത്തിന് മുന്നിൽ മലയാളി ഐ.ടി പ്രൊഫഷണലുകളുടെ മികവ് അവതരിപ്പിക്കും. വിദേശ തൊഴിൽ ചൂഷണം തടയുന്നതിനായി കെയ്‌സ് നേരിട്ട് റിക്രൂട്ട്‌മെന്റ് ലൈസൻസ് എടുക്കും. ഈ മാസം തന്നെ ഇതിനുള്ള ലൈസൻസ് ലഭിക്കും. കൂടാതെ, മികച്ച സ്വകാര്യ സ്ഥാപനങ്ങളെ അക്രഡിറ്റ് ചെയ്യുന്നതിനായി പുതിയ പോളിസി രൂപീകരിച്ചു. ആദ്യഘട്ടത്തിൽ 200 സ്ഥാപനങ്ങൾക്ക് അക്രഡിറ്റേഷൻ നൽകും. ഗുണനിലവാരം ഉറപ്പാക്കാൻ സ്റ്റേറ്റ് കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗിനെ പുനഃസംഘടിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സമഗ്രമായ മനുഷ്യ വിഭവശേഷി സർവ്വേ നടത്താൻ തീരുമാനിച്ചു. ഫെബ്രുവരി 16-ന് തിരുവനന്തപുരം നേമം മണ്ഡലത്തിൽ മാതൃകാ പഠനം ആരംഭിക്കും. 2026 മാർച്ചോടെ കെയ്‌സിന് കേന്ദ്ര ഏജൻസിയായ എൻ.സി.വി.ഇ.റ്റി.യുടെ ഇരട്ട അംഗീകാരം ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.



