

മലപ്പുറം: തീവ്ര വോട്ടർ പട്ടികാ പരിഷ്കരണവുമായി ബന്ധപ്പെട്ട് ജോലി സമ്മർദ്ദം കാരണം ബി.എൽ.ഒ.മാർ വ്യാപകമായി പരാതി ഉന്നയിക്കുന്നതിനിടെ, എന്യൂമറേഷൻ ഫോം ഈ മാസം 26-നകം ആപ്പിൽ അപ്‌ലോഡ് ചെയ്യണമെന്ന് മലപ്പുറം കളക്ടറുടെ ഉത്തരവ്. ഫോം സ്വീകരിച്ച് നവംബർ 26-ന് മുമ്പായി ഡിജിറ്റലൈസേഷൻ പൂർത്തിയാക്കണം.(Collector launches new experiment for BLOs in Malappuram, Enumeration form must be uploaded to the app by November 26)
ഫോം വിതരണം ചെയ്ത് പൂരിപ്പിച്ച് വാങ്ങി എൻട്രി ചെയ്യുന്നതിന് ഡിസംബർ 4 വരെ സമയം അനുവദിച്ചിരിക്കെയാണ് പുതിയ നിർദേശം. ടാർജറ്റ് തികയ്ക്കാൻ കടുത്ത സമ്മർദ്ദമുണ്ടെന്ന് കൂടുതൽ ബി.എൽ.ഒ.മാർ പരസ്യമായി രംഗത്തുവരുന്നുണ്ട്.
പകലും രാത്രിയും ഫീൽഡിൽ ജോലി ചെയ്യേണ്ട അവസ്ഥയാണ്. ഒരു പരിശീലനവും നൽകാതെയാണ് ഫീൽഡിലേക്ക് ഇറക്കിവിട്ടതെന്നും, ഫീൽഡിൽ നിന്ന് വീട്ടിലെത്തിയാൽ രാത്രി ഓൺലൈൻ മീറ്റിങ്ങുകൾ ഉണ്ടാകാറുണ്ടെന്നും അവർ പരാതിപ്പെടുന്നു.
പരാതികളും പ്രതിഷേധങ്ങളും ശക്തമാകുമ്പോഴും സമയക്രമം മാറ്റില്ലെന്ന നിലപാടിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. സമയക്രമത്തിന്റെ പേരിൽ ബി.എൽ.ഒ.മാർക്ക് ഒരു ആശങ്കയും വേണ്ടെന്ന് ജില്ലാ കളക്ടർ വി.ആർ. വിനോദ് വിശദീകരിച്ചു. ബുദ്ധിമുട്ടുള്ള ബി.എൽ.ഒ.മാരെ സഹായിക്കാൻ വളണ്ടിയർമാരെ നിയോഗിക്കും.
ബി.എൽ.ഒ.മാരെ സഹായിക്കുന്നതിനായി വില്ലേജ് തലത്തിൽ പ്രത്യേക ക്യാമ്പുകൾ തയ്യാറാക്കും. ഇത് ബി എൽ ഒമാരെ സഹായിക്കാൻ വേണ്ടിയാണെന്നാണ് കളക്ടറുടെ വാദം. ഈ സഹായങ്ങൾ കൂടി ഉൾപ്പെടുത്തി ഇന്ന് പുതിയ ഉത്തരവിറക്കുമെന്നും കളക്ടർ വ്യക്തമാക്കി.