തിരുവനന്തപുരം: പുതിയ പഞ്ചായത്ത് ഭരണസമിതി അധികാരമേറ്റതിന് തൊട്ടുപിന്നാലെ വെള്ളനാട് ഗ്രാമപ്പഞ്ചായത്തിൽ പ്രസിഡന്റും സെക്രട്ടറിയും തമ്മിൽ വാക്കേറ്റം. പഞ്ചായത്ത് വാഹനം വിട്ടുനൽകുന്നതിനെച്ചൊല്ലിയുള്ള തർക്കം നടുറോഡിൽ നാടകീയ രംഗങ്ങൾക്കാണ് വഴിവെച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെ വെള്ളനാട് കുളക്കോട് ജംക്‌ഷനിലായിരുന്നു സംഭവം.(Clash between president and secretary in Vellanad Panchayat)
പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ രേഖകൾ കളക്ടറേറ്റിൽ എത്തിച്ച് മടങ്ങി വരികയായിരുന്നു പഞ്ചായത്ത് വാഹനം. കുളക്കോട് വെച്ച് വാഹനം തടഞ്ഞ പുതിയ പ്രസിഡന്റ്, തനിക്ക് അരുവിക്കരയിലെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോകണമെന്നും അതിനാൽ വാഹനം വേണമെന്നും ഡ്രൈവറോട് ആവശ്യപ്പെട്ടു. എന്നാൽ ഓഫീസ് സമയം കഴിഞ്ഞതിനാൽ സെക്രട്ടറിയുടെ അനുമതിയില്ലാതെ വാഹനം വിട്ടുനൽകാൻ കഴിയില്ലെന്ന് ഡ്രൈവർ നിലപാടെടുത്തു.
ഡ്രൈവർ വാഹനം നൽകാൻ വിസമ്മതിച്ചതോടെ പ്രകോപിതനായ പ്രസിഡന്റ് വാഹനത്തിന്റെ താക്കോൽ ഊരിയെടുത്തു. വിവരമറിഞ്ഞ് പഞ്ചായത്ത് സെക്രട്ടറി സ്ഥലത്തെത്തി താക്കോൽ തിരികെ ആവശ്യപ്പെട്ടെങ്കിലും പ്രസിഡന്റ് നൽകാൻ തയ്യാറായില്ല. ഇതോടെ ഇരുവരും തമ്മിൽ റോഡിൽ വെച്ച് രൂക്ഷമായ വാക്കേറ്റമുണ്ടായി.
സംഭവം വഷളായതോടെ ആര്യനാട് പോലീസും സി.പി.ഐ.എം പ്രാദേശിക നേതാക്കളും സ്ഥലത്തെത്തി. ഏറെനേരം ചർച്ച നടത്തിയിട്ടും പ്രസിഡന്റ് വഴങ്ങാൻ തയ്യാറായില്ല. ഒടുവിൽ എസ്.എച്ച്.ഒ ശ്യാംരാജ് ജെ. നായർ പ്രസിഡന്റിനെ നേരിട്ട് ഇടപെട്ട് വീട്ടിലെത്തിക്കുകയായിരുന്നു. ഇതിന് ശേഷമാണ് വാഹനത്തിന്റെ താക്കോൽ തിരികെ ലഭിച്ചതും വാഹനം പഞ്ചായത്ത് ഓഫീസിലേക്ക് മാറ്റിയതും.