കൊച്ചി: സർക്കാർ ജീവനക്കാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വാട്‌സ്ആപ്പ് സന്ദേശം അയച്ചതിനെതിരെയുള്ള ഹർജിയിൽ ഹൈക്കോടതിയിൽ മറുപടി നൽകി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ ഓഫീസ് ആരുടെയും വ്യക്തിവിവരങ്ങൾ ചോർത്തിയിട്ടില്ലെന്നും അയച്ച സന്ദേശത്തിൽ രാഷ്ട്രീയമില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.(Chief Minister is the head of Executive, State government files affidavit in High Court in data leak controversy)
മുഖ്യമന്ത്രി അയച്ച സന്ദേശം രാഷ്ട്രീയപരമല്ല. ബജറ്റിൽ അനുവദിച്ച കാര്യങ്ങളാണ് സന്ദേശത്തിലുള്ളത്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെക്കുറിച്ചോ വോട്ട് ചോദിക്കുന്നതിനെക്കുറിച്ചോ സന്ദേശത്തിൽ പരാമർശിച്ചിട്ടില്ല. സ്പാർക്ക് ശമ്പളം നൽകാൻ മാത്രമുള്ള സംവിധാനമല്ല. ജീവനക്കാരുടെ എച്ച്.ആർ സംബന്ധമായ എല്ലാ കാര്യങ്ങളും ഇതിലൂടെയാണ് നിർവ്വഹിക്കുന്നത്. നയപരമായ തീരുമാനങ്ങൾ ജീവനക്കാരെ അറിയിക്കാൻ ഈ സംവിധാനം ഉപയോഗിക്കാറുണ്ട്.
സന്ദേശങ്ങൾ അയച്ചത് കേരള സ്റ്റേറ്റ് ഐടി മിഷൻ മുഖേനയാണ്. സർക്കാർ സേവനങ്ങൾ ജനങ്ങളിലെത്തിക്കാൻ ഐടി മിഷൻ ഒരുക്കിയ വാട്‌സ്ആപ്പ് പ്ലാറ്റ്‌ഫോമാണ് ഇതിനായി ഉപയോഗിച്ചത്. വിവരങ്ങൾ മൂന്നാമതൊരു വ്യക്തിക്കോ സ്ഥാപനത്തിനോ കൈമാറിയിട്ടില്ല. എക്സിക്യൂട്ടീവിന്റെ തലവൻ എന്ന നിലയിൽ ജീവനക്കാർക്ക് ഇത്തരത്തിൽ സന്ദേശം അയക്കാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ട്. നിലവിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തതിനാൽ പെരുമാറ്റച്ചട്ട ലംഘനവും നിലനിൽക്കില്ല. ഡി.എ കുടിശ്ശിക അനുവദിച്ചതും എച്ച്.ആർ.എ പുനഃസ്ഥാപിച്ചതും അറിയിക്കാനാണ് സന്ദേശം അയച്ചതെന്നും, അത് സേവനങ്ങൾ നൽകിയ ജീവനക്കാരോടുള്ള ആദരമാണെന്നും സർക്കാർ കോടതിയിൽ വാദിച്ചു.

