'31 ദിവസം വേറെ ജോലി ഒന്നും നൽകിയിട്ടില്ല, ജോലി സമ്മർദ്ദം ഉണ്ടാകേണ്ട കാര്യമില്ല': BLO ആത്മഹത്യ ചെയ്ത സംഭവത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ, കളക്ടറോട് റിപ്പോർട്ട് തേടി | BLO

പയ്യന്നൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
'31 ദിവസം വേറെ ജോലി ഒന്നും നൽകിയിട്ടില്ല, ജോലി സമ്മർദ്ദം ഉണ്ടാകേണ്ട കാര്യമില്ല': BLO ആത്മഹത്യ ചെയ്ത സംഭവത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ, കളക്ടറോട് റിപ്പോർട്ട് തേടി | BLO
Published on

കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ (ബി.എൽ.ഒ.) അനീഷ് ജോർജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ ഖേൽക്കർ നേരിട്ട് ഇടപെട്ടു. അനീഷിന്റെ മരണകാരണം ജോലി സമ്മർദ്ദമാണെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് കമ്മീഷണറുടെ പ്രതികരണം. സംഭവത്തിൽ ജില്ലാ കളക്ടറോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടതായി രത്തൻ ഖേൽക്കർ വ്യക്തമാക്കി.(Chief Election Commissioner seeks report from Collector on BLO suicide incident)

ജോലി സമ്മർദ്ദത്തെക്കുറിച്ചുള്ള ആരോപണങ്ങൾ അദ്ദേഹം തള്ളിപ്പറഞ്ഞു. "ജോലി സമ്മർദ്ദം ഉണ്ടാകേണ്ട കാര്യമില്ല. 31 ദിവസം ബി.എൽ.ഒ.മാർക്ക് വേറെ ജോലി ഒന്നും നൽകിയിട്ടില്ല. ജോലി സമ്മർദ്ദം ഉണ്ടെന്ന് കമ്മീഷന് ഇതുവരെ പരാതിയൊന്നും കിട്ടിയിട്ടില്ല." ജോലികൾ 'ടീം വർക്ക്' എന്ന നിലയിലാണ് നടക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

"പോലീസ് അന്വേഷണം നടക്കട്ടെ," എന്നും രത്തൻ ഖേൽക്കർ കൂട്ടിച്ചേർത്തു. ബി.എൽ.ഒ.യുടെ മരണത്തിൽ പ്രതികരിച്ച് ജില്ലാ കളക്ടറും രംഗത്തെത്തി. മരിച്ച ബി.എൽ.ഒ. മികച്ച നിലയിൽ ജോലി ചെയ്യുന്ന വ്യക്തിയായിരുന്നെന്നും അദ്ദേഹത്തിന് തൊഴിൽ സമ്മർദ്ദം ഉണ്ടാകേണ്ട കാര്യമില്ലെന്നുമാണ് കളക്ടർ പറഞ്ഞത്. പോലീസ് റിപ്പോർട്ട് കിട്ടിയ ശേഷം ബാക്കി കാര്യങ്ങൾ പറയാമെന്നും കളക്ടർ വ്യക്തമാക്കി.

പയ്യന്നൂർ മണ്ഡലം 18-ാം ബൂത്തിലെ ബി.എൽ.ഒ. ആയ അനീഷ് ജോർജ് (44) ആണ് മരിച്ചത്. കുന്നരു എ.യു.പി. സ്കൂളിലെ പ്യൂൺ കൂടിയാണ് അനീഷ്. ഇന്ന് രാവിലെ 11 മണിയോടെ വീട്ടിലെ കിടപ്പുമുറിയിൽ അനീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ബൂത്ത് ലെവൽ ഓഫീസറായി ജോലി ചെയ്യുന്നതിൻ്റെ സമ്മർദ്ദം അനീഷിനുണ്ടായിരുന്നു എന്ന് കുടുംബം ആരോപിക്കുന്നു. വ്യക്തിപരമായ മറ്റു കാരണങ്ങളൊന്നുമില്ലെന്നും കഴിഞ്ഞ ദിവസവും വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നുവെന്നും കുടുംബം പറയുന്നു.

പയ്യന്നൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ സമ്മർദ്ദമാണോ മരണത്തിന് കാരണമെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ആശുപത്രിയിലേക്ക് മാറ്റി.

Related Stories

No stories found.
Times Kerala
timeskerala.com