തിരുവനന്തപുരം: നഗരസഭാ അധ്യക്ഷന്മാരെ തിരഞ്ഞെടുക്കുന്നതിൽ താൻ വ്യക്തിപരമായി ഇടപെട്ടിട്ടില്ലെന്നും പാർട്ടി നിശ്ചയിച്ച കൃത്യമായ നടപടിക്രമങ്ങളിലൂടെയാണ് സ്ഥാനാർത്ഥികളെ കണ്ടെത്തിയതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തിരഞ്ഞെടുപ്പ് വിജയിപ്പിക്കുന്നത് വരെ മാത്രമാണ് തന്റെ ചുമതലയെന്നും അധ്യക്ഷന്മാരെ നിശ്ചയിക്കുന്നത് കെപിസിസി സർക്കുലർ പ്രകാരമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.(Chairpersons are appointed as per KPCC circular, says VD Satheesan)
തിരുവനന്തപുരത്തും കൊല്ലത്തും മാത്രമാണ് സ്ഥാനാർത്ഥികളെ മുൻകൂട്ടി പ്രഖ്യാപിച്ചത്. മറ്റുള്ള ഇടങ്ങളിൽ അധ്യക്ഷന്മാരെ കണ്ടെത്താൻ കെപിസിസിക്ക് പ്രത്യേക രീതിയുണ്ട്. ഒന്നിൽ കൂടുതൽ സ്ഥാനാർത്ഥികൾ ഉള്ളയിടങ്ങളിൽ ഈ ചട്ടങ്ങൾ പാലിച്ചാണ് തീരുമാനമെടുത്തത്.
തൃശൂർ മേയർ ഡോ. നിജി ജസ്റ്റിൻ പണം നൽകിയാണ് സ്ഥാനം വാങ്ങിയതെന്ന ലാലി ജെയിംസിന്റെ ആരോപണം സതീശൻ തള്ളി. "ആകാത്തവർ എന്തും പറയും" എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിജി ജസ്റ്റിൻ ദീർഘകാലമായി പാർട്ടിയിൽ പ്രവർത്തിക്കുന്ന ആളാണെന്നും ആരെയും മുകളിൽ നിന്ന് കെട്ടിയിറക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങൾ തീരുമാനിക്കുന്ന ആളെ മേയറാക്കാൻ കോൺഗ്രസിന് സാധിക്കില്ല. കെപിസിസി നിർദ്ദേശങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കിൽ പാർട്ടി അത് ഗൗരവമായി പരിശോധിക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു. ജനവിധി അട്ടിമറിക്കുന്ന ഒരു തീരുമാനവും അധ്യക്ഷ സ്ഥാനങ്ങളുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്നും അനാവശ്യ വിവാദങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.