തിരുവനന്തപുരം: കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ തുണിക്കഷ്ണം വെച്ച് തുന്നിക്കെട്ടിയ സംഭവത്തിൽ പോലീസ് കേസെടുത്തു. പരാതിയിൽ കഴക്കൂട്ടം പോലീസ് ആണ് നടപടിയെടുത്തത്. മൂന്ന് മാസത്തോളമാണ് യുവതി കഠിനമായ വേദന അനുഭവിച്ചത്.(Case filed against private hospital after a piece of cloth was sewn into the stomach during surgery)
കഴിഞ്ഞ ഡിസംബർ 3-നാണ് വയറുവേദനയെത്തുടർന്ന് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയത്. അപ്പന്റിസൈറ്റിസ് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയും ചെയ്തു. ഡിസംബർ 12-ന് ഡിസ്ചാർജ് ചെയ്തെങ്കിലും ശസ്ത്രക്രിയ നടത്തിയ മുറിവിന്റെ ഒരു ഭാഗം ഉണങ്ങാതെ പഴുക്കുകയും വേദന വർദ്ധിക്കുകയും ചെയ്തു. പഴുപ്പ് മാറാത്തതിനെത്തുടർന്ന് ആശുപത്രിയെ വീണ്ടും സമീപിച്ചു.
വേദന അസഹനീയമായതോടെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അവിടെ നടത്തിയ വിശദമായ പരിശോധനയ്ക്കിടെ ശസ്ത്രക്രിയ നടത്തിയ മുറിവിനുള്ളിലൂടെ നൂൽ പുറത്തേക്ക് വരുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വയറിനുള്ളിൽ പഞ്ഞിയും തുണിക്കഷ്ണവും കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്.

