തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാരിനെയും രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിനെ കുറിച്ചുള്ള കാതലായ ചോദ്യങ്ങൾക്ക് മറുപടി പറയാതെ മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് വി ഡി സതീശന്‍ പറഞ്ഞു.
പദ്ധതിയിൽ നിന്ന് പിന്മാറുമോ ഇല്ലയോയെന്ന് വ്യക്തമായി പറയാൻ ആരെയാണ് മുഖ്യമന്ത്രി ഭയക്കുന്നു.കരാര്‍ ഒപ്പിടുന്നതിന് മുന്‍പായിരുന്നു മന്ത്രിസഭാ ഉപസമിതി രൂപീകരിക്കേണ്ടത്. ഒപ്പിട്ടതിന് ശേഷം എന്ത് പരിശോധനയ്ക്കാണ് ഉപസമിതി? മന്ത്രിസഭാ ഉപസമിതിയുടെ കാലാവധി പോലും പറയാതെ മുഖ്യമന്ത്രി സിപിഐയെ വിദഗ്ധമായി പറ്റിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
മന്ത്രിസഭാ ഉപസമിതി മുഖം രക്ഷിക്കാനുള്ള തട്ടികൂട്ട് പരിപാടിയാണ്. അത് വെറും തട്ടിപ്പാണെന്ന് സിപിഐ എങ്കിലും മനസിലാക്കണം. ഇടതുമുന്നണിയില്‍ സിപിഐയേക്കാള്‍ സ്വാധീനം ബിജെപിക്കാണ് എന്ന് സംശയമില്ലാതെ തെളിഞ്ഞു.പിഎം ശ്രീയിൽ തുടക്കം മുതൽ സർക്കാർ എടുത്ത നിലപാടുകളെല്ലാം ദുരൂഹമാണ്. തിടുക്കപ്പെട്ട് കരാർ ഒപ്പിട്ടത് എന്തിനായിരുന്നുവെന്ന് മുഖ്യമന്ത്രി പറയണം. ആരാണ് ബ്ലാക്ക്മെയിൽ ചെയ്തതെന്നും എന്ത് സമ്മർദ്ദമാണ് മുഖ്യമന്ത്രിയുടെ മുകളിൽ ഉണ്ടായതെന്നും വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.