തിരുവനന്തപുരം: കേരളത്തിൽ എസ്.ഐ.ആർ. നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള എന്യൂമറേഷൻ ഫോം വിതരണത്തിൽ ബൂത്ത് ലെവൽ ഓഫീസർമാർക്ക് (ബി.എൽ.ഒ.) ബുദ്ധിമുട്ടുണ്ടാകില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ അറിയിച്ചു. ബി.എൽ.ഒമാരുടെ പരിശ്രമത്തെ അഭിനന്ദിച്ച അദ്ദേഹം, 96 ശതമാനത്തോളം ഫോമുകൾ ഇതിനോടകം വിതരണം ചെയ്തതായി അറിയിച്ചു.(BLOs will not face any difficulty, Chief Electoral Officer on distribution of SIR enumeration forms)
ഫോം ശേഖരിക്കുന്നതിന് ബി.എൽ.ഒമാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കും. ഇതിനായി ജില്ലാ ഭരണകൂടങ്ങൾ ക്യാമ്പുകൾ അടക്കം സജ്ജമാക്കും. എന്യൂമറേഷൻ ഫോമുകൾ ശേഖരിക്കുന്നതിനായി കൂടുതൽ ഏജന്റുമാരെ നിർദേശിക്കണമെന്നും ഹെൽപ്പ് ഡെസ്കുകൾ സ്ഥാപിക്കണമെന്നും രാഷ്ട്രീയ പാർട്ടികളോട് അദ്ദേഹം ആവശ്യപ്പെട്ടു.
വോട്ടർ പട്ടിക ശുദ്ധീകരിക്കുന്ന പ്രക്രിയയുടെ സുഗമമായ നടത്തിപ്പിന് ബി.എൽ.ഒമാർക്ക് എല്ലാ പിന്തുണയും ഉറപ്പാക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി.