മുണ്ടിനീരിനെതിരെ ജാഗ്രത പുലര്‍ത്തണം: ഡി.എം.ഒ | Beware of mumps

മുണ്ടിനീരിനെതിരെ ജാഗ്രത പുലര്‍ത്തണം: ഡി.എം.ഒ |  Beware of mumps
Published on

മലപ്പുറം : ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നും മുണ്ടിനീര് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു ( Beware of mumps) . ജില്ലയില്‍ 2024 ല്‍ ആകെ 13643 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തതായും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. മുണ്ടിനീര്, മുണ്ടിവീക്കം, തൊണ്ടി വീക്കം എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ രോഗം മിക്‌സോ വൈറസ് പരൊറ്റിഡൈറ്റിസ് എന്ന വൈറസ് മൂലമാണ് പകരുത്. വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീര്‍ ഗ്രന്ഥികളെ ആണ് ബാധിക്കുന്നത്. രോഗം ബാധിച്ചവരില്‍ അണുബാധ ഉണ്ടായ ശേഷം ഗ്രന്ഥികളില്‍ വീക്കം കണ്ടുതുടങ്ങുന്നതിനു തൊട്ടു മുമ്പും വീക്കം കണ്ടു തുടങ്ങിയ ശേഷം നാലു മുതല്‍ ആറു ദിവസം വരെയുമാണ് സാധാരണയായി പകരുന്നത്. അഞ്ചു മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികളെയാണ് ഈ രോഗം കൂടുതല്‍ ബാധിക്കുന്നതെങ്കിലും മുതിര്‍ന്നവരിലും കാണപ്പെടാറുണ്ട്. രോഗം കുട്ടികളിലേക്കാള്‍ ഗുരുതരമാകുന്നത് മുതിര്‍ന്നവരിലാണ്.

ലക്ഷണങ്ങള്‍
ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുന്നത്. ഇത് മുഖത്തിന്റെ ഒരു വശത്തെയോ രണ്ടു വശങ്ങളെയുമോ ബാധിക്കും. ചെറിയ പനിയും തലവേദനയും ആണ് പ്രാരംഭ ലക്ഷണങ്ങള്‍. വായ തുറക്കുന്നതിനും ചവക്കുന്നതിനും വെള്ളമിറക്കുതിനും പ്രയാസം നേരിടുന്നു. വിശപ്പില്ലായ്മയും ക്ഷീണവും മറ്റു ലക്ഷണങ്ങള്‍ ആണ്. പനി, വേദന തുടങ്ങിയ ലക്ഷണങ്ങള്‍ക്ക് ചികിത്സിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വിശ്രമിക്കുകയും വേണം. പകര്‍ച്ച

വായുവിലൂടെ പകരുന്ന ഈ രോഗം സാധാരണയായി ചുമ, തുമ്മല്‍, മൂക്കില്‍ നിന്നുള്ള സ്രവങ്ങള്‍, രോഗമുള്ളവരുമായുള്ള സമ്പര്‍ക്കം എന്നിവയിലൂടെയാണ് പകരുന്നത്. പ്രത്യേക ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ തലച്ചോറ്, വൃഷണം, അണ്ഡാശയം, ആഗ്‌നേയ ഗ്രന്ഥി, പ്രോസ്‌ട്രേറ്റ് എന്നീ ശരീരഭാഗങ്ങളെ രോഗം ബാധിക്കുന്നു. രോഗ ലക്ഷണങ്ങള്‍ പ്രാരംഭത്തിലേ ചികിത്സിച്ചില്ലെങ്കില്‍ ഭാവിയില്‍ വന്ധ്യത ഉണ്ടാകുന്നതിനും സാധ്യത ഉണ്ട്. തലച്ചോറിനെ ബാധിച്ചാല്‍ എന്‍സഫലൈറ്റിസ് എന്ന അവസ്ഥ ഉണ്ടാകാം. ഇത് മരണ കാരണമായേക്കാം. രോഗം തിരിച്ചറിയുമ്പോഴേക്കും മറ്റു പലരിലേക്കും പകര്‍ന്നിരിക്കും എന്നതിനാല്‍ മുണ്ടിനീര് പകരുന്നത് നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാണ്.

പ്രതിരോധം
അസുഖ ബാധിതര്‍ പൂര്‍ണമായും മാറുന്നത് വരെ വീട്ടില്‍ വിശ്രമിക്കുക. രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗികളായ കുട്ടികളെ സ്‌കൂളില്‍ വിടുന്നത് പൂര്‍ണമായും ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്തുക്കള്‍ അണുവിമുക്തമാക്കുക. സാധാരണയായി ഒന്ന് മുതല്‍ രണ്ട് ആഴ്ചകള്‍ കൊണ്ട് രോഗം ഭേദമാകാറുണ്ട്.

ഈ രോഗ നിയന്ത്രണത്തിന് പ്രതിരോധ കുത്തിവെപ്പ് ലഭ്യമാണ്. കുട്ടികള്‍ക്ക് ജനിച്ചശേഷം 16 മുതല്‍ 24 വരെയുള്ള മാസങ്ങളില്‍ എം എം ആര്‍ പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നതിലൂടെ മുണ്ടിനീര്, അഞ്ചാം പനി, റുബെല്ല എന്നീ അസുഖങ്ങളില്‍ നിന്നും പ്രതിരോധം ലഭിക്കും. ജനുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളിലാണ് മുണ്ടിനീര് കൂടുതല്‍ കാണപ്പെടുത്.

Related Stories

No stories found.
Times Kerala
timeskerala.com