പത്തനംതിട്ട: ശബരിമല തന്ത്രി കണ്ഠരര് രാജീവരുമായി ബന്ധപ്പെട്ട 'വാജി വാഹനം' വിവാദത്തിൽ, അദ്ദേഹത്തിന്റെ വീട്ടിലേക്ക് പ്രഖ്യാപിച്ചിരുന്ന സമരം അയ്യപ്പ ധർമ്മ പ്രചാര സഭ ഉപേക്ഷിച്ചു. വാജി വാഹനം മടക്കി നൽകാൻ തന്ത്രി സന്നദ്ധത അറിയിച്ചതിനെ തുടർന്നാണ് സമരത്തിൽ നിന്ന് പിന്മാറുന്നതെന്ന് അയ്യപ്പ ധർമ്മ പ്രചാര സഭ അറിയിച്ചു.(Ayyappa Dharma Prachara Sabha calls off protest to Thantri's house)
വാജി വാഹനം തിരികെ ഏൽപ്പിക്കാൻ തന്ത്രി സമ്മതം അറിയിച്ച സാഹചര്യത്തിൽ നവംബർ 15-ന് പ്രഖ്യാപിച്ചിരുന്ന പ്രതിഷേധ സമരം ഉപേക്ഷിച്ചു. വാജി വാഹനം തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് തന്ത്രി കണ്ഠരര് രാജീവര് ദേവസ്വം ബോർഡിന് അപേക്ഷ നൽകിയിരുന്നു.
ശബരിമല എക്സിക്യൂട്ടീവ് ഓഫീസർക്കാണ് തന്ത്രി കത്ത് നൽകിയത്. ഒക്ടോബർ 11-നാണ് ബോർഡിനെ സമീപിച്ചത്. വാജി വാഹനം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു തന്ത്രിയുടെ ഈ തീരുമാനം. നിലവിൽ, വാജി വാഹനം തിരികെ എടുക്കണമെന്ന തന്ത്രിയുടെ അപേക്ഷ ദേവസ്വം ബോർഡിന്റെ പരിഗണനയിലാണ്.