

പത്തനംതിട്ട: സ്കൂൾ വിദ്യാർഥികൾ സഞ്ചരിച്ച ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് കുട്ടികൾ മരിച്ചു. കരുമാൻതോട് ശ്രീനാരായണ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ആദിലക്ഷ്മി (7), യദുകൃഷ്ണൻ (4) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് കോന്നി തേക്കുതോട് തൂമ്പാക്കുളത്താണ് ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞത്. അപകടം നടന്ന ഉടൻ ആദിലക്ഷ്മിയുടെ മരണം സ്ഥിരീകരിച്ചിരുന്നു. പരിക്കേറ്റ മറ്റ് കുട്ടികളെയും ഡ്രൈവറെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓട്ടോയിൽ ആദ്യം അഞ്ച് കുട്ടികളാണ് ഉണ്ടായിരുന്നതെന്നാണ് കരുതിയിരുന്നത്. എന്നാൽ, യദുകൃഷ്ണനെ കാണാനില്ലെന്ന സംശയത്തെ തുടർന്ന് രാത്രിയിലും തിരച്ചിൽ തുടർന്നു. രാത്രി എട്ടേകാലോടെയാണ് തോട്ടിൽനിന്ന് യദുകൃഷ്ണൻ്റെ മൃതദേഹം കണ്ടെടുത്തത്. അപകടസമയത്ത് ആകെ ആറ് കുട്ടികൾ ഓട്ടോയിൽ ഉണ്ടായിരുന്നു.
വൈകീട്ട് നാലുമണിക്ക് സ്കൂൾ വിട്ടശേഷം കുട്ടികളുമായി പോയ ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്. റോഡിൽ പാമ്പിനെ കണ്ടപ്പോൾ അതിന് മുകളിലൂടെ കയറാതിരിക്കാൻ ഡ്രൈവർ ഓട്ടോ വെട്ടിച്ചു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം തോട്ടിലേക്ക് മറിയുകയായിരുന്നുവെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.