ശബരിമല: ഭണ്ഡാരത്തിൽനിന്ന് വിദേശ കറൻസികളും സ്വർണ ലോക്കറ്റും വായ്ക്കുള്ളിലാക്കി കടത്താൻ ശ്രമിച്ച രണ്ട് താത്കാലിക ദേവസ്വം ജീവനക്കാരെ പിടികൂടി. ആലപ്പുഴ കൊടുപ്പുന്ന സ്വദേശി എം.ജി. ഗോപകുമാർ (51), കൈനകരി സ്വദേശി സുനിൽ ജി. നായർ (51) എന്നിവരാണ് പിടിയിലായത്. സന്നിധാനം പോലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.(Attempt to smuggle currency and gold from Sabarimala treasury, 2 Devaswom employees arrested)
ജോലി കഴിഞ്ഞ് ഭണ്ഡാരത്തിന് പുറത്തിറങ്ങുമ്പോഴുള്ള പതിവ് പരിശോധനയിലാണ് ഇരുവരുടെയും വായ അസ്വാഭാവികമായ രീതിയിൽ വീർത്തിരിക്കുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ വായ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ വിദേശ കറൻസികൾ കണ്ടെത്തുകയായിരുന്നു. മലേഷ്യൻ റിംഗിറ്റ്, യൂറോ, കനേഡിയൻ ഡോളർ, യു.എ.ഇ ദിർഹം എന്നിവയാണ് ഇവരുടെ പക്കൽനിന്ന് കണ്ടെടുത്തത്. വിദേശ കറൻസികളിലെ പ്രത്യേക കോട്ടിങ് കാരണം വായ്ക്കുള്ളിലിട്ടാലും നോട്ടുകൾ നശിക്കില്ല എന്ന പഴുതാണ് പ്രതികൾ ഇതിനായി ഉപയോഗിച്ചത്.
പ്രതികൾ താമസിക്കുന്ന മുറികളിൽ നടത്തിയ പരിശോധനയിൽ കൂടുതൽ തുക കണ്ടെടുത്തു. എം.ജി. ഗോപകുമാറിൻ്റെ ബാഗിൽനിന്ന് 13,820 രൂപയും രണ്ട് ഗ്രാമിന്റെ സ്വർണ ലോക്കറ്റും കണ്ടെടുത്തു. സുനിൽ ജി. നായരുടെ ബാഗിൽ 25,000 രൂപയും 17 വിദേശ കറൻസികളും ഒളിപ്പിച്ച നിലയിലായിരുന്നു.
സന്നിധാനത്തെ ചില ജീവനക്കാർ തുടർച്ചയായി നാട്ടിലേക്ക് പണമയക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബാങ്കുകളോടും പോസ്റ്റ് ഓഫീസിനോടും റിപ്പോർട്ട് ആവശ്യപ്പെട്ടതായി വിജിലൻസ് അറിയിച്ചു. ഇത്രയധികം പണം ജീവനക്കാർക്ക് എവിടെനിന്ന് ലഭിക്കുന്നു എന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കും.