കണ്ണൂർ: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെതിരായ അക്രമവുമായി ബന്ധപ്പെട്ട് വധശ്രമക്കേസിൽ അറസ്റ്റിലായ അഞ്ച് കെ.എസ്.യു പ്രവർത്തകരെ കോടതി റിമാൻഡ് ചെയ്തു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി അതുൽ, അഹമ്മദ് യാസീൻ, സി.എച്ച് മുബാസ്, വി.വി അക്ഷയ്, ബിതുൽ ബാലൻ എന്നിവരെയാണ് വൈദ്യപരിശോധനയ്ക്ക് ശേഷം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.(Attack on Health Minister Veena George, 5 KSU activists arrested)
ബുധനാഴ്ച പകൽ 3.15-ഓടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വന്ദേഭാരതിൽ മടങ്ങാനായി സ്റ്റേഷനിലെത്തിയതായിരുന്നു മന്ത്രി. പ്ലാറ്റ്‌ഫോമിലേക്ക് നടന്നുപോകുന്നതിനിടെ ഒരുസംഘം പ്രവർത്തകർ മന്ത്രിയെ തടയുകയും ആക്രമിക്കുകയുമായിരുന്നു. അക്രമത്തിൽ മന്ത്രിയുടെ കഴുത്തിന് ക്ഷതമേറ്റതായി മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നു. ‘കൊല്ലെടാ’ എന്ന് ആക്രോശിച്ച് ആയുധം ഉപയോഗിച്ച് കഴുത്തിൽ പരിക്കേൽപ്പിച്ചു എന്നാണ് കേസ്.
പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ആരോഗ്യനില സംബന്ധിച്ച പുതിയ വിവരങ്ങൾ പുറത്ത്. മന്ത്രിയുടെ കഴുത്തിനേറ്റ ക്ഷതം മൂലം വലതുകൈയ്ക്ക് മരവിപ്പ് അനുഭവപ്പെടുന്നുണ്ടെന്ന് മെഡിക്കൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടാതെ ഇടതുകൈയ്ക്കും നേരിയ തോതിൽ പരിക്കേറ്റിട്ടുണ്ട്. മന്ത്രിയുടെ ആരോഗ്യനിലയും തുടർചികിത്സാ രീതികളും വിലയിരുത്തുന്നതിനായി പ്രത്യേക മെഡിക്കൽ ബോർഡ് യോഗം ചേരും.
എ.കെ.ജി ആശുപത്രിക്ക് മുന്നിൽ വെച്ച് മന്ത്രിയെ കരിങ്കൊടി കാണിക്കുകയും വാഹനത്തിലെ ഫ്ലാഗ് പോസ്റ്റ് നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ആറ് യൂത്ത് ലീഗ് പ്രവർത്തകരെയും റിമാൻഡ് ചെയ്തിട്ടുണ്ട്. ജില്ലാ പ്രസിഡന്റ് കെ.കെ ഷിനാജ് ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. സംഭവത്തിന് പിന്നാലെ ജില്ലയിൽ രാഷ്ട്രീയ സംഘർഷം പുകയുകയാണ്. കോടിയേരിയിലെ പാറാൽ കോൺഗ്രസ് മണ്ഡലം ഓഫീസിന് ബുധനാഴ്ച രാത്രി അജ്ഞാതർ തീയിട്ടു. സംഭവത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. അക്രമത്തിനെതിരെ സംസ്ഥാന വ്യാപകമായി സി.പി.എം പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു. മന്ത്രിക്കെതിരായ ആക്രമണം കോൺഗ്രസിന്റെ ഹീനമായ രാഷ്ട്രീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.
അതേസമയം, കേസിൽ നിർണ്ണായക വെളിപ്പെടുത്തലുമായി ആർ പി എഫ്. പ്ലാറ്റ്‌ഫോമിൽ വെച്ച് മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സി.സി.ടി.വി പരിശോധനയിൽ കണ്ടെത്താനായില്ലെന്ന് ആർ.പി.എഫ് വ്യക്തമാക്കി. കേസ് അന്വേഷിക്കുന്ന ഗവൺമെന്റ് റെയിൽവേ പോലീസ്, ആർ.പി.എഫിനോട് ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നടത്തിയ പരിശോധനയിൽ അക്രമം വ്യക്തമാക്കുന്ന ദൃശ്യങ്ങളൊന്നും ലഭ്യമല്ലെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
സംഭവത്തിന് പിന്നാലെ മന്ത്രിയുടെ മൊഴിയെടുക്കാൻ പോലീസ് ആശുപത്രിയിൽ എത്തിയെങ്കിലും ശാരീരിക അസ്വസ്ഥതകൾ കാരണം അതിന് സാധിച്ചില്ല. തുടർന്ന് മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയിൽവേ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

