കണ്ണൂർ: പയ്യന്നൂരിൽ ബൂത്ത് ലെവൽ ഓഫീസർ (ബി.എൽ.ഒ.) അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ ഇന്ന് സംസ്ഥാന വ്യാപകമായി ബി.എൽ.ഒ.മാരുടെ പ്രതിഷേധം. സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളുടെ സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് ജോലി ബഹിഷ്കരിച്ചുള്ള പ്രതിഷേധ പരിപാടികൾ.(Aneesh George's suicide, BLOs protest today)
എൻ.ജി.ഒ. അസോസിയേഷന്‍റെ നേതൃത്വത്തിൽ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിക്കും. ചീഫ് ഇലക്ടറൽ ഓഫീസിലേക്കാണ് പ്രധാന മാർച്ച്. സംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ടറേറ്റുകളിലേക്കും മാർച്ച് നടത്തും. ബി.എൽ.ഒ.മാരുടെ ജോലിഭാരം, രാഷ്ട്രീയ ഇടപെടലുകൾ എന്നിവക്കെതിരെയാണ് പ്രതിഷേധം.
അതേസമയം, അനീഷിന് ഇലക്ടറൽ റോളുമായി (എസ്.ഐ.ആർ.) ബന്ധപ്പെട്ട ജോലികളിൽ സമ്മർദ്ദം ഉണ്ടായിട്ടില്ലെന്നാണ് കണ്ണൂർ കളക്ടറുടെ ഔദ്യോഗിക വിശദീകരണം. എന്നാൽ, അനീഷിനെ സി.പി.എം. നേതാക്കൾ ഭീഷണിപ്പെടുത്തിയിരുന്നു എന്ന ആരോപണം ജില്ലയിലെ കോൺഗ്രസ് നേതാക്കൾ ആവർത്തിച്ചു. എന്നാൽ ഈ ആരോപണം സി.പി.എം. പൂർണ്ണമായും തള്ളിക്കളയുകയാണ്. സംസ്ക്കാര ചടങ്ങുകൾ ഇന്ന് നടക്കും.