പത്തനംതിട്ട: വ്യക്തിഗത വിവരങ്ങളും കോൾ ഡേറ്റ റെക്കോർഡുകളും (CDR) ചോർത്തി ലക്ഷങ്ങളുടെ ഓൺലൈൻ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യപ്രതിയുടെ സഹായിയും സുഹൃത്തുമായ യുവതി അറസ്റ്റിൽ. ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിനിയായ ഹിരാൽ ബെൻഅനൂജ് പട്ടേൽ (37) ആണ് പിടിയിലായത്.(Ahmedabad native, hacker's assistant, also arrested)
സൈബർ തട്ടിപ്പ് കേസിൽ മുഖ്യപ്രതിയായ അടൂർ സ്വദേശി ജോയൽ വി. ജോസിനെ നേരത്തെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഈ കേസിലെ രണ്ടാം പ്രതിയാണ് ഇപ്പോൾ പിടിയിലായ ഹിരാൽ. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ, മൊബൈൽ നമ്പറുകളുടെ ലൈവ് ലൊക്കേഷനുകൾ, കോൾ ഡേറ്റ റെക്കോർഡുകൾ (CDR) എന്നിവ ചോർത്തി ദുരുപയോഗം ചെയ്താണ് സംഘം വൻ തട്ടിപ്പ് നടത്തിയത്.
പത്തനംതിട്ട സൈബർ പോലീസ് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം നടത്തിയ നീക്കത്തിലാണ് ജോയലിൻ്റെ ഹാക്കിങ് പ്രവർത്തനങ്ങളിൽ സഹായിയായി പ്രവർത്തിച്ച ഹിരാൽ ബെൻഅനൂജ് പട്ടേലിനെ പിടികൂടുന്നത്.
കേസിലെ മറ്റ് പ്രതികളെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘം തിരച്ചിൽ നടത്തുന്നതിനിടെയാണ് രണ്ടാം പ്രതി അഹമ്മദാബാദിൽ ഉണ്ടെന്ന നിർണായക വിവരം പോലീസിന് ലഭിച്ചത്.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം, ജില്ലാ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ബിനു വർഗീസിൻ്റെ മേൽനോട്ടത്തിൽ സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ബി. സുനിൽ കൃഷ്ണൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അഹമ്മദാബാദിലെത്തി പ്രതിയെ അതിസാഹസികമായി പിടികൂടിയത്. സബ് ഇൻസ്പെക്ടർ ആശ വി.ഐ., സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രസാദ് എം.ആർ., സിവിൽ പോലീസ് ഓഫീസർ സഫൂറാ മോൾ എന്നിവരും സംഘത്തിലുണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.