പത്തനംതിട്ട: ഇഷ്ടപ്പെട്ട യുവതിയുടെയും കുടുംബത്തിന്റെയും ശ്രദ്ധ പിടിച്ചുപറ്റാൻ വാഹനാപകടം ആസൂത്രണം ചെയ്ത യുവാവും അപകടമുണ്ടാക്കിയ സുഹൃത്തും പത്തനംതിട്ട പോലീസിന്റെ പിടിയിലായി. കോന്നി മാമ്മൂട് സ്വദേശി രഞ്ജിത് രാജൻ (24), കോന്നി പയ്യനാമൺ സ്വദേശി അജാസ് (19) എന്നിവരാണ് അറസ്റ്റിലായത്. അപകടമുണ്ടാക്കി നിർത്താതെ പോയ കാറിനെക്കുറിച്ച് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് സിനിമാക്കഥയെ വെല്ലുന്ന നാടകം പൊളിച്ചത്.(Accident drama to impress woman's family, Man and friend arrested)
ഡിസംബർ 23-ന് വൈകുന്നേരം പത്തനംതിട്ട വാഴമുട്ടം ഈസ്റ്റിൽ വെച്ചാണ് സംഭവം നടന്നത്. സ്കൂട്ടറിൽ പോകുകയായിരുന്ന യുവതിയെ അജാസ് ഓടിച്ച കാർ പിന്നാലെ എത്തി ഇടിച്ചുവീഴ്ത്തി. തുടർന്ന് അജാസ് കാറുമായി നിർത്താതെ പോയി.
സെക്കൻഡുകൾക്കുള്ളിൽ മറ്റൊരു കാറിൽ അവിടെയെത്തിയ രഞ്ജിത് രാജൻ, അപകടത്തിൽപ്പെട്ട യുവതിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. താൻ യുവതിയുടെ ഭർത്താവാണെന്ന് നാട്ടുകാരെയും ആശുപത്രി അധികൃതരെയും വിശ്വസിപ്പിക്കാനും രഞ്ജിത് ശ്രമിച്ചു.
അപകടം നടന്ന ഉടനെ രഞ്ജിത് സ്ഥലത്തെത്തിയതിൽ പോലീസിന് തുടക്കത്തിലേ സംശയം തോന്നിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ നിർണ്ണായക വിവരങ്ങൾ ലഭിച്ചു. ഇടിച്ചിട്ട് പോയ കാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അജാസിനെ കണ്ടെത്തി. രഞ്ജിത്തും അജാസും തമ്മിൽ അപകടത്തിന് തൊട്ടുമുൻപും ശേഷവും നിരന്തരം ബന്ധപ്പെട്ടതായി ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ വ്യക്തമായി.
യുവതിയുടെ വലതുകൈക്കുഴ തെറ്റുകയും വിരലിന് പൊട്ടലേൽക്കുകയും ചെയ്തിട്ടുണ്ട്. യുവതിയുടെ ജീവൻ അപകടപ്പെടുത്തുന്ന രീതിയിൽ വാഹനം ഇടിച്ചുകയറ്റിയതിനാൽ പ്രതികൾക്കെതിരെ നരഹത്യാശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തു.