തൃശ്ശൂര്‍ : പനി ബാധിച്ച് ചികിത്സയ്‌ക്കെത്തിയ യുവതിയെ ആശുപത്രി ജീവനക്കാരന്‍ ചമഞ്ഞ് പീഡിപ്പിച്ചു. സംഭവത്തിൽ ഇരിങ്ങാലക്കുട സ്വദേശി അരിക്കാട്ടുപറമ്പില്‍ ഹരീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്.
കഴിഞ്ഞദിവസമാണ് ഇരിങ്ങാലക്കുട സര്‍ക്കാര്‍ ആശുപത്രിയില്‍ സംഭവം നടന്നത്.പനി ബാധിച്ച് ചികിത്സയ്‌ക്കെത്തിയ യുവതി തലകറക്കം അനുഭവപ്പെട്ടതോടെ ആശുപത്രി പരിസരത്തെ ബസ് സ്റ്റോപ്പില്‍ ഇരുന്നിരുന്നു. അവശനിലയില്‍ യുവതി ഇരിക്കുന്നത് കണ്ടാണ് ഹരീഷ് സഹായിക്കാനെന്ന വ്യാജേന ഇവരുടെ അടുത്തെത്തിയത്. താന്‍ ആശുപത്രിയിലെ ജീവനക്കാരനാണെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകാമെന്നും ഇയാള്‍ പറഞ്ഞു.
ആശുപത്രിയിലെ കെട്ടിടത്തിന്റെ മുകള്‍നിലയിലേക്കാണ് പ്രതി യുവതിയെ കൊണ്ടുപോയി. അല്പനേരം വിശ്രമിക്കാമെന്ന് പറഞ്ഞ് അവിടെ ഒരു കട്ടിലില്‍ കിടത്തി. താന്‍ ഒപി ടിക്കറ്റ് എടുത്തുവരാമെന്നും അതുവരെ വിശ്രമിച്ചോളൂവെന്നും ഇയാള്‍ യുവതിയോട് പറഞ്ഞു. തുടര്‍ന്ന് തിരിച്ചെത്തിയ ഇയാള്‍ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.
സംഭവത്തില്‍ യുവതി പറഞ്ഞ പ്രതിയുടെ വസ്ത്രത്തിന്റെ നിറവും ചില അടയാളങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.