
അഹമ്മദാബാദ്: അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉണ്ടായ അപകടത്തിൽ പത്തനംതിട്ട സ്വദേശിക്കും ജീവൻ നഷ്ടമായി(Ahmedabad plane crash). പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാർ ആണ് മരിച്ചത്. ലണ്ടനിൽ നഴ്സായിരുന്ന രഞ്ജിതയ്ക്ക് സർക്കാർ ജോലി ലഭിച്ചിരുന്നു. ഇതിന്റെ ആവശ്യങ്ങൾക്കായി നാട്ടിലെത്തിയ രഞ്ജിത യുകെയിലെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവസാനിപ്പിക്കാനാണ് തിരികെ മടങ്ങിയത്. പത്തനംതിട്ട ജില്ലാ ഭരണകൂടത്തിൽ നിന്നും രഞ്ജിതയുടെ മരണം സ്ഥിരീകരിച്ചു കൊണ്ടുള്ള അറിയിപ്പ് ലഭിച്ചതായി ബന്ധുക്കൾ പറഞ്ഞു.
ഇന്ന് ഉച്ചയ്ക്കാണ് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ വിമാനം പറന്നുയർന്ന് മിനിറ്റുകൾക്കകം തകർന്നുവീണത്. രണ്ട് പൈലറ്റുമാരും 10 ക്യാബിൻ ക്രൂവും ഉൾപ്പെടെ 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ മുഴുവൻപേർക്കും ജീവൻ നഷ്ടമായി. വിമാനം ഡോക്ടർമാരുടെ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിലേക്കാണ് വീണത്. ഇവിടെ ഇണ്ടായിരുന്ന 5 വിദ്യാർത്ഥികളും അപകടത്തിൽ മരണമടഞ്ഞു.