
ലോകത്ത് ഏറ്റവും ഭീഷണി ഉയര്‍ത്തുന്ന രോഗമായി അര്‍ബുദം മാറിയിരിക്കുന്നു. രോഗമുണ്ടെന്ന തിരിച്ചറിവ് തന്നെ രോഗിയില്‍ വലിയ ഭയമാണ് ഉണ്ടാക്കുന്നത്. എന്നാല്‍ ഇന്ന് ഈ രോഗത്തെ മറികടക്കാന്‍ നമ്മുടെ വൈദ്യശാസ്‌ത്ര രംഗം സര്‍വസജ്ജമാണെന്ന് ബോധവത്കരിക്കാനാണ് എല്ലാ വര്‍ഷവും ഫെബ്രുവരി നാല് ലോക അര്‍ബുദ ദിനമായി ആചരിച്ചു വരുന്നത്. അര്‍ബുദത്തെക്കുറിച്ച് ജനങ്ങളെ കൂടുതല്‍ ബോധവത്ക്കരിക്കുന്നതിന് വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നതത്. രോഗം നേരത്തെ തിരിച്ചറിയാനും പ്രതിരോധിക്കാനും ചികിത്സിക്കാനും രോഗികള്‍ക്ക് കൂടുതല്‍ പരിചരണ സംവിധാനങ്ങള്‍ ലഭ്യമാക്കാനും ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നു. വിവിധതരം അര്‍ബുദങ്ങള്‍ക്കുള്ള ഫലപ്രദമായ ചികിത്സകള്‍ ഇന്ന് ലഭ്യമാണെങ്കിലും , ഇത് ജീവന് ഭീഷണിയുണ്ടാക്കുന്ന ഗുരുതര ആരോഗ്യപ്രശ്‌നം തന്നെയാണ് എന്നതിൽ സംശയമില്ല. (World Cancer Day 2025).
1993ലാണ് രാജ്യാന്തര അര്‍ബുദ നിയന്ത്രണ യൂണിയന്‍ (The Union of International Cancer Control-UICC) നിലവില്‍ വന്നത്. അര്‍ബുദ നിര്‍മാര്‍ജ്ജനത്തിനും മികച്ച വൈദ്യശാസ്‌ത്ര ഗവേഷണങ്ങള്‍ക്കും വേണ്ടി ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സൊസൈറ്റിയാണിത്. ഇവരുടെ നിര്‍ദേശപ്രകാരമാണ് ആദ്യമായി ജനീവയിലും സ്വിറ്റ്‌സര്‍ലന്‍ഡിലും ഇതേ ദിവസം അര്‍ബുദ ദിനമായി ആചരിച്ച് തുടങ്ങിയത്. നിരവധി പ്രശസ്‌ത സംഘടനകളും അര്‍ബുദ സൊസൈറ്റികളും പരിചരണ കേന്ദ്രങ്ങളും ഇവര്‍ക്ക് പിന്തുണയുമായി എത്തുകയും ചെയ്തു. അതേസമയം , 2000ത്തില്‍ നടന്ന ആഗോള അര്‍ബുദ ഉച്ചകോടി മുതലാണ് ലോക അര്‍ബുദ ദിനം ഔദ്യോഗികമായി ആചരിച്ച് തുടങ്ങിയത്. പാരിസിലാണ് ഉച്ചകോടി സംഘടിപ്പിച്ചത്. ലോകമെമ്പാടുമുള്ള പ്രമുഖ നേതാക്കളും അര്‍ബുദ സംഘടനകളും ഉച്ചകോടിയില്‍ പങ്കെടുത്തു. അര്‍ബുദ രോഗികള്‍ക്കുള്ള സൗകര്യങ്ങളും അവരുടെ ജീവിതനിലവാരവും മെച്ചപ്പെടുത്താനുള്ള ആഗോള പ്രതിബദ്ധത ചൂണ്ടിക്കാട്ടുന്ന പത്ത് ലേഖനങ്ങളടങ്ങിയ ചാര്‍ട്ടര്‍ ഓഫ് പാരിസ് എന്ന രേഖയും ഒപ്പുവയ്ക്കപ്പെട്ടു.
അര്‍ബുദം അഥവ കാന്‍സര്‍ എന്ന വാക്ക് വന്നത് ക്രാബ് അഥവ ഞണ്ട് എന്നര്‍ഥം വരുന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ്.
പുകവലിയിലൂടെ ഉണ്ടാകുന്നതിനെക്കാള്‍ കൂടുതല്‍ അര്‍ബുദ രോഗികള്‍ സൂര്യപ്രകാശം ഏല്‍ക്കാത്തത് കൊണ്ടുള്ള ചര്‍മ്മാര്‍ബുദ രോഗികളാണ്.
പകുതിയിലേറെ അര്‍ബുദങ്ങളും ചികിത്സിച്ച് ഭേദമാക്കാനാകും.
200 ലേറെ അര്‍ബുദ വകഭേദങ്ങളുണ്ടെന്നാണ് കണ്ടെത്തൽ.
പുരുഷന്‍മാരില്‍ സാധാരണ കണ്ട് വരുന്നത് പ്രോസ്റ്റേറ്റ്, ശ്വാസകോശ, കുടല്‍-മലാശയ അര്‍ബുദങ്ങളാണ്.
സ്‌ത്രീകളില്‍ സ്‌തന, ശ്വാസകോശ, കുടല്‍ അര്‍ബുദങ്ങളാണ് കൂടുതലായും കണ്ടു വരുന്നത്.
2019ല്‍ ഇന്ത്യയില്‍ 12 ലക്ഷം പുതിയ അര്‍ബുദ രോഗികളാണ് ഉണ്ടായത്. 9.3 ലക്ഷം പേര്‍ അര്‍ബുദം മൂലം മരിച്ചതായി ലാന്‍സെറ്റ് റീജ്യണല്‍ ഹെല്‍ത്ത് സൗത്ത് ഈസ്റ്റ് ഏഷ്യ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം പറയുന്നു. ഏഷ്യയില്‍ രോഗബാധയുണ്ടായ രണ്ടാമത്തെ ഏറ്റവും വലിയ രാജ്യം കൂടിയായി അക്കൊല്ലം ഇന്ത്യ.
2050 ആകുമ്പോഴേക്കും ലോകത്തെ അര്‍ബുദ രോഗികളുടെ എണ്ണം 35 ദശലക്ഷം കടക്കുമെന്നാണ് വിലയിരുത്തുന്നത്. 2022ല്‍ കണക്കാക്കിയ രണ്ട് കോടിയില്‍ നിന്ന് 77 ശതമാനം വര്‍ധനയാണ് പ്രവചിച്ചിട്ടുള്ളത്. ജനസംഖ്യയിലുണ്ടാകുന്ന വളര്‍ച്ചയും പ്രായവും അര്‍ബുദമുണ്ടാക്കുന്ന സാഹചര്യങ്ങളുമായി കൂടുതല്‍ ഇടപെടേണ്ടി വരുന്നതും അര്‍ബുദ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന് കാരണമാകുന്നു. ഇതിന് പുറമെ സാമൂഹ്യ സാമ്പത്തിക വികസനങ്ങളും അര്‍ബുദ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിലേക്ക് വഴിയൊരുക്കുന്നുണ്ട്. പുകയില, മദ്യപാനം, അമിത വണ്ണം എന്നിവയാണ് അര്‍ബുദത്തിന് വഴി വയ്ക്കുന്ന പ്രധാന കാരണങ്ങള്‍. ഇതിന് പുറമെ അന്തരീക്ഷ മലിനീകരണവും അര്‍ബുദത്തിന് കാരണമാകുന്ന ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്‌നമായി നിലകൊള്ളുന്നു.
അര്‍ബുദ ലക്ഷണങ്ങളിൽ ചിലത്…
വായിലെ മുറിവുകള്‍, ദീര്‍ഘകാലമായി നീണ്ടു നില്‍ക്കുന്ന ചുമ, ശരീരത്തിലെ മുഴകള്‍, രക്തം നഷ്‌ടപ്പെടല്‍ തുടങ്ങിയവ അര്‍ബുദത്തിന്‍റെ സാധാരണ ലക്ഷണങ്ങളാണ്. അതേമസയം ഇവ എപ്പോഴും അര്‍ബുദമാകണമെന്നുമില്ല. എന്നാല്‍ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ വിദഗ്‌ധ ചികിത്സയും പരിശോധനയും നിര്‍ബന്ധമായും തേടിയിരിക്കണം.
മൂത്രം നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ട്, രാത്രിയില്‍ ഇടയ്ക്കിടെ മൂത്രമൊഴിക്കുക, മൂത്രതടസം, വേദന തുടങ്ങിയവ പ്രോസ്റ്റേറ്റ് കാന്‍സറിന്‍റെ ലക്ഷണങ്ങളാകാം. അത് കൊണ്ട് തന്നെ ഇത്തരം ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ വിദഗ്‌ധ ചികിത്സയും പരിശോധനയും നടത്തുക.
തുടര്‍ച്ചയായി മൂത്രത്തില്‍ രക്തം കണ്ടാല്‍ നിസാരമായി തള്ളരുത്. ഇത് ചിലപ്പോള്‍ കുടലിലെയോ മലാശയത്തിലെയോ അര്‍ബുദത്തിന്‍റെ ലക്ഷണമാകാം. ചിലപ്പോഴിത് വൃക്കയിലെ അര്‍ബുദവും ആകാം.
ചിലപ്പോഴൊക്കെ ത്വക്കില്‍ അസാധാരണമാം വിധമുള്ള അടയാളങ്ങള്‍ കാണാം. ചിലപ്പോള്‍ ത്വക്കിന് നിറം മാറ്റവും സംഭവിക്കാം. ആഴ്‌ചകള്‍ക്ക് ശേഷവും ഇവ നിലനില്‍ക്കുകയാണെങ്കില്‍ വിദഗ്‌ധ ചികിത്സ തേടണം.
ശരീരത്തില്‍ എവിടെയെങ്കിലും മുഴകളോ തടിപ്പോ ശ്രദ്ധയില്‍ പെട്ടാലും ഡോക്‌ടറുടെ സേവനം തേടേണ്ടതാണ്.
യാതൊരു കാരണവും ഇല്ലാതെ ശരീരം മെലിയുന്നതും ശ്രദ്ധിക്കേണ്ടതാണ്. ചിലപ്പോഴിത് പാന്‍ക്രിയാറ്റിക് കാന്‍സറിന്‍റെ ലക്ഷണമാകാം.
തൊണ്ടയിലെ വ്രണങ്ങളോ അണുബാധയോ മൂലം നമുക്ക് ചിലപ്പോള്‍ ഭക്ഷണവും വെള്ളവും മറ്റും ഇറക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടാം. ഇത് നീണ്ട് നില്‍ക്കുകയാണെങ്കില്‍ ഡോക്‌ടറെ കാണേണ്ടതാണ്. ചിലപ്പോള്‍ ഇതിനോട് അനുബന്ധിച്ച് ഛര്‍ദ്ദിയും അനുഭവപ്പെടാം. ഇത് ചിലപ്പോള്‍ വയറ്റിലെ അര്‍ബുദത്തിന്‍റെ ലക്ഷണമാകാം.
മാറിടങ്ങളില്‍ തടിപ്പോ മുഴയോ മുലക്കണ്ണില്‍ നിന്ന് മുലയൂട്ടല്‍ സമയത്തല്ലാതെ സ്രവങ്ങളോ മറ്റോ വരുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ ഡോക്‌ടറുടെ സേവനം തേടേണ്ടതാണ്. ഇത് ചിലപ്പോള്‍ സ്‌തനാര്‍ബുദത്തിന്‍റെ ലക്ഷണങ്ങളാകാം.
സ്‌ത്രീകളില്‍ സാധാരണയായി കണ്ടു വരുന്ന ഒരു പ്രശ്‌നമാണിത്. ആഴ്‌ചകള്‍ക്ക് ശേഷവും ശമനമില്ലെങ്കില്‍ ശ്രദ്ധിക്കണം. ചിലപ്പോള്‍ ഇത് കുടല്‍, അണ്ഡാശയം, പാന്‍ക്രിയാസ്, ഗര്‍ഭാശയം തുടങ്ങിയ ഏതെങ്കിലും അവയവങ്ങളെ ബാധിക്കുന്ന അര്‍ബുദത്തിന്‍റെ ലക്ഷണങ്ങളാകാം.
25-28 ദിവസത്തിന്‍റെ ഇടവേളകളിലാണ് സ്‌ത്രീകളില്‍ ആര്‍ത്തവം ഉണ്ടാകുന്നത്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്‌തമായി മാസത്തില്‍ രണ്ട് തവണയോ മറ്റോ ആര്‍ത്തവം ഉണ്ടാകുന്നതും മാസമുറ നിന്ന ശേഷം ഉണ്ടാകുന്ന രക്തസ്രാവവും ശ്രദ്ധിക്കേണ്ടതാണ്. ഇതും ചിലപ്പോള്‍ അര്‍ബുദ സൂചനയാകാം.