തിരുവനന്തപുരം: ആറ്റിങ്ങലിൽ ഹരിത കർമ്മ സേനാംഗങ്ങളെ മർദ്ദിച്ച കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ കാട്ടുംപുറം റോഡിൽ വെച്ചായിരുന്നു സംഭവം. ആറ്റിങ്ങൽ തച്ചൂർകുന്ന് സ്വദേശികളായ ലത, രമ എന്നിവർക്കാണ് കഴിഞ്ഞ ദിവസം മർദ്ദനമേറ്റത്. ചിറയിൻകീഴ് റെയിൽവേ ഗേറ്റിന് സമീപം മണ്ണാക്കുടി വീട്ടിൽ രാജു (65) ആണ് അറസ്റ്റിലായത്.(65-year-old man arrested in Attingal for assaulting Haritha Karma Sena members)
ഹരിത കർമ്മസേനാംഗങ്ങൾ ശേഖരിച്ച പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവമാലിന്യങ്ങൾ ചാക്കിൽക്കെട്ടി പാലസ് റോഡിനു സമീപത്തായി സൂക്ഷിച്ചിരിക്കുകയായിരുന്നു. ചാക്കുകെട്ടുകൾ തിരികെയെടുക്കാൻ ലതയും രമയും സ്ഥലത്തെത്തിയപ്പോൾ, രാജു ചാക്കുകെട്ടുകൾ തുറന്ന് സാധനങ്ങൾ എടുത്തുമാറ്റാൻ ശ്രമിച്ചു.
ഇത് ചോദ്യം ചെയ്തപ്പോഴാണ് രാജു ലതയെയും രമയെയും ആക്രമിച്ചത്. സംഭവത്തിനു ശേഷം രാജു ഇവിടെനിന്ന് രക്ഷപ്പെട്ടു. തുടർന്ന് ആറ്റിങ്ങൽ നഗരസഭ ആരോഗ്യവിഭാഗം പോലീസിൽ പരാതി നൽകി.
പോലീസ് സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ആറ്റിങ്ങൽ പോലീസ് ഇൻസ്പെക്ടർ ജെ. അജയന്റെ നിർദ്ദേശപ്രകാരം എസ്.ഐ. ജിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.