തിരുവനന്തപുരം: വർക്കലയിൽ അഞ്ച് വയസ്സുകാരിക്ക് തെരുവുനായയുടെ ക്രൂരമായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. വെട്ടൂർ സ്വദേശികളായ ഷെഹീർ-ആമിന ദമ്പതികളുടെ മകൾക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.(5-year-old girl brutally attacked by a stray dog in Varkala)
മദ്രസ പഠനം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടയിലാണ് കുട്ടിയെ തെരുവുനായ ആക്രമിച്ചത്. ആക്രമണത്തിൽ കുട്ടിയുടെ മുഖത്തും കൈകാലുകളിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴും നായ പിടിവിടാതെ നിൽക്കുകയായിരുന്നു.
തുടർന്ന് നാട്ടുകാർ കല്ലെറിഞ്ഞ് നായയെ വിരട്ടി ഓടിച്ചാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് തെരുവുനായ ആക്രമണങ്ങൾ വർധിക്കുന്നതിനിടെയാണ് വർക്കലയിൽ വീണ്ടും സമാനമായ സംഭവം റിപ്പോർട്ട് ചെയ്യുന്നത്.