പത്തനംതിട്ട: വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിടിച്ച് കേരളത്തിൽ നിന്നുള്ള രണ്ട് നഴ്സിങ് വിദ്യാർത്ഥികൾ ബെംഗളൂരുവിൽ മരിച്ചു. ഇന്നലെ വൈകിട്ട് ചിക്കബനവര റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. പത്തനംതിട്ട സ്വദേശികളും ബെംഗളൂരുവിലെ സപ്തഗിരി കോളേജ് വിദ്യാർത്ഥികളുമായ സ്റ്റെർലിൻ എലിസ ഷാജി (19), ജസ്റ്റിൻ ജോസഫ് (20) എന്നിവരാണ് മരിച്ചത്.(2 Malayali nursing students die in Bengaluru by Vande Bharat train hitting them)
ഇന്നലെ ഉച്ചയ്ക്ക് 2.35 ഓടെ ബെംഗളൂരുവിൽ നിന്ന് ബെലഗാവിയിലേക്ക് പോയ വന്ദേ ഭാരത് ട്രെയിനിടിച്ചാണ് അപകടം. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇരുവരും മരിച്ചു. ഇരുവരും തങ്ങളുടെ താമസസ്ഥലത്തേക്ക് പോകാനായി റെയിൽവേ പാളം മുറിച്ചുകടക്കുമ്പോൾ അതിവേഗത്തിലെത്തിയ ട്രെയിൻ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
ബെലഗാവിയിലേക്ക് പോയ ട്രെയിൻ സമയക്രമം പാലിക്കുന്നതിനായി അതിവേഗത്തിലാണ് ഓടിയതെന്നാണ് റിപ്പോർട്ട്. ഇരുവരുടേതും അപകടമരണമാണോ എന്ന കാര്യത്തിൽ പോലീസ് ഇപ്പോഴും വ്യക്തത വരുത്തിയിട്ടില്ല. സംഭവത്തിൽ ബെംഗളൂരു റൂറൽ റെയിൽവേ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ ബെംഗളൂരുവിലെ എം.എസ്. രാമയ്യ ആശുപത്രിയിലേക്ക് മാറ്റി.