പമ്പ: ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെ.എസ്.ആർ.ടി.സി. ബസുകൾ കൂട്ടിയിടിച്ച് അപകടം. നിലയ്ക്കൽ - പമ്പ റോഡിൽ അട്ടത്തോടിന് സമീപം ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്.(2 KSRTC buses carrying Sabarimala pilgrims collide)
നിലയ്ക്കൽ - പമ്പ റൂട്ടിൽ ചെയിൻ സർവീസ് നടത്തുന്ന ബസ്സുകളാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഒരു ഡ്രൈവർക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ ഗുരുതരമല്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. നിരവധി തീർത്ഥാടകർ ബസുകളിലുണ്ടായിരുന്നെങ്കിലും യാത്രക്കാർക്കാർക്കും പരിക്കേറ്റിട്ടില്ല. അപകടത്തിൽപ്പെട്ട തീർത്ഥാടകരെ ഉടൻതന്നെ മറ്റ് വാഹനങ്ങളിൽ നിലയ്ക്കലേക്കും പമ്പയിലേക്കും എത്തിച്ചു.
അപകടത്തെത്തുടർന്ന് നിലയ്ക്കൽ - പമ്പ റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. അപകടത്തിൽപ്പെട്ട വാഹനങ്ങൾ ഗ്യാരേജിലേക്ക് മാറ്റാനുള്ള നടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്. ഗതാഗതം പുനഃസ്ഥാപിക്കാൻ പോലീസ് ഇടപെടൽ ശക്തമാക്കിയിട്ടുണ്ട്.