പത്തനംതിട്ടയിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് മരിച്ചത് 2 കുരുന്നുകൾ: പോസ്റ്റ്‌മോർട്ടം ഇന്ന്, കണ്ണീരോടെ നാട് | Children

വെള്ളത്തിനടിയിൽ കല്ലുകൾക്കിടയിൽ നിന്നാണ് യദുകൃഷ്ണയെ കണ്ടെത്തിയത്
പത്തനംതിട്ടയിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് മരിച്ചത് 2 കുരുന്നുകൾ: പോസ്റ്റ്‌മോർട്ടം ഇന്ന്,  കണ്ണീരോടെ നാട് | Children
Updated on

പത്തനംതിട്ട: സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയെത്തുന്നതിന് നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ തണ്ണിത്തോട് കരിമാൻതോട്-തൂമ്പാക്കുളം റോഡിലുണ്ടായ ദാരുണമായ ഓട്ടോറിക്ഷ അപകടത്തിൽ രണ്ട് പിഞ്ചു കുട്ടികൾക്ക് ജീവൻ നഷ്ടപ്പെട്ടു. നാടിനെയാകെ ദുഃഖത്തിലാഴ്ത്തിയ അപകടം ഇന്നലെ വൈകിട്ട് 3.30-ന് ശേഷമാണ് സംഭവിച്ചത്.(2 children died after autorickshaw fell into a ditch in Pathanamthitta)

കരിമാൻതോട് ശ്രീനാരായണ സ്കൂളിലെ വിദ്യാർഥികളായ എൽ.കെ.ജി. വിദ്യാർഥി യദുകൃഷ്ണ (4), മൂന്നാം ക്ലാസ് വിദ്യാർഥി ആദിലക്ഷ്മി (8) എന്നിവരാണ് മരിച്ചത്. ഇന്ന് കുട്ടികളുടെ പോസ്റ്റ്‌മോർട്ടം നടപടികൾ നടക്കും.

റോഡിൽ കണ്ട പാമ്പിനെ കണ്ട് ഓട്ടോറിക്ഷ ഡ്രൈവർ വെട്ടിച്ചു മാറ്റിയതാണ് അപകടത്തിന് കാരണം. നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ സമീപത്തെ തോട്ടിലേക്ക് മറിയുകയായിരുന്നു. അപകടസമയത്ത് അഞ്ച് വിദ്യാർഥികളും ഒരു വിദ്യാർഥിയുടെ അമ്മയുമാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. വിദ്യാർഥിയുടെ അമ്മയ്ക്ക് പരുക്കേറ്റില്ല.

അപകടത്തിൽപ്പെട്ട ഡ്രൈവർ ഉൾപ്പെടെ മൂന്ന് വിദ്യാർഥികളെയും പരുക്കുകളോടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ജുവൽ സാറാ തോമസ് ഗുരുതര പരുക്കുകളോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ആണ്. ശബരിനാഥ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും, അൽഫോൻസ പരുക്കുകളോടെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും, ഡ്രൈവർ രാജേഷ് തലയ്ക്ക് പരുക്കേറ്റ് പത്തനംതിട്ട ജനറൽ ആശുപത്രിയിലും ചികിത്സയിലാണ്.

അപകടം നടന്നയുടൻ ഓട്ടോയിലുണ്ടായിരുന്ന കുട്ടിയുടെ അമ്മ ബഹളംവെച്ച് ആളുകളെ കൂട്ടുകയും നാട്ടുകാർ ഓടിക്കൂടി കിട്ടിയ വാഹനങ്ങളിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തു. എന്നാൽ, ഓട്ടോയിൽ അഞ്ച് കുട്ടികളുണ്ടായിരുന്നുവെന്ന വിവരം സ്ഥലത്തെത്തിയവർക്ക് തുടക്കത്തിൽ മനസ്സിലായില്ല.

മൂന്നാം ക്ലാസുകാരിയായ ആദിലക്ഷ്മിയെ പത്തനംതിട്ടയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. യദുകൃഷ്ണയെ കാണാതായതോടെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ച് മടങ്ങിയ അഗ്നിരക്ഷാ സേന വീണ്ടും സ്ഥലത്തെത്തി തിരച്ചിൽ തുടങ്ങി.

രാത്രി ഏഴരയോടെ, ഓട്ടോറിക്ഷ മറിഞ്ഞതിന് ഏകദേശം 15 മീറ്ററോളം അകലെ തോട്ടിലെ വെള്ളത്തിനടിയിൽ കല്ലുകൾക്കിടയിൽ നിന്നാണ് യദുകൃഷ്ണയെ കണ്ടെത്തിയത്. കോന്നി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ആ പ്രതീക്ഷകളും പ്രാർഥനകളും വിഫലമാക്കി യദുകൃഷ്ണയുടെ മരണവും സ്ഥിരീകരിച്ചു. കരിമാൻതോട് മുതൽ തൂമ്പാക്കുളം വരെയുള്ള റോഡിൽ സംരക്ഷണ ഭിത്തിയോ ക്രാഷ് ബാരിയറോ ഇല്ലാത്തത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com