തിരുവനന്തപുരം : പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 18 വര്‍ഷം കഠിന തടവ്. പ്രതി ഷമീറിനെ (37) തിരുവനന്തപുരം പ്രത്യേക അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജ് അഞ്ചു മീര ബിര്‍ള ആണ് ശിക്ഷിച്ചത്. 90,000 രൂപ കുട്ടിക്ക് പിഴത്തുകയും സര്‍ക്കാര്‍ നഷ്ടപരിഹാരവും പ്രതി നല്‍കണം.
2023 ഫെബ്രുവരി 24 രാത്രിയിലാണ് സംഭവം നടന്നത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സഹോദരിയെ സഹായിക്കാനെത്തിയ പെണ്‍കുട്ടിയെയാണ് പ്രതി ഓട്ടോയില്‍ കയറ്റി ഒഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി പീഡിപ്പിച്ചത്. കുട്ടി നിലവിളിച്ചപ്പോള്‍ അതുവഴി വന്ന ബൈക്ക് യാത്രികര്‍ ഇതു കണ്ടു. ബൈക്ക് യാത്രികർ വഞ്ചിയൂര്‍ പൊലീസില്‍ വിവരം അറിയിച്ചു. തുടർന്ന് പ്രതി കുട്ടിയെ തമ്പാനൂരില്‍ ഇറക്കിവിട്ട് ഓട്ടോയില്‍ രക്ഷപ്പെട്ടു.
റോഡില്‍നിന്നു പൊട്ടിക്കരഞ്ഞ കുട്ടിയെ നാട്ടുകാര്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഷമീറിനെ അറസ്റ്റ് ചെയ്തത്.