

കോഴിക്കോട്: ജില്ലയിലെ വിലങ്ങാട് ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതത്തിലായവർക്ക് 10,000 രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇന്ന് ചേർന്ന് മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ദുരന്തബാധിത മേഖലയായി പ്രഖ്യാപിക്കുന്ന നാല് വാര്‍ഡുകളിലുള്ളവര്‍ക്കാണ് 10,000 രൂപ വിതം നല്‍കുക. തൊഴിലാശ്വാസ സഹായമായി 3,000 രൂപ വീതം കുടുംബത്തിലെ ഒരാള്‍ക്കും ലഭിക്കുമെന്നും റവന്യു മന്ത്രി കെ. രാജൻ അറിയിച്ചു. അതേസമയം , ദുരിതബാധിതർക്ക് 6,000 രൂപ വീതം വാടകയിനത്തിൽ നൽകും. ഈ പ്രദേശങ്ങളിലുള്ളവർക്ക് സൗജന്യ റേഷൻ ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.വിലങ്ങാട് ഉരുള്‍പ്പൊട്ടലില്‍ ഒരാൾക്ക് ജീവൻ നഷ്ടമായിരുന്നു. 14 വീടുകള്‍ പൂര്‍ണമായും ഒഴുകിപ്പോയി. 112 വീടുകള്‍ വാസയോഗ്യമല്ലാതായി.