മലയാളിക്ക് ഹൊറർ സിനിമ എന്ന വാക്കിനൊപ്പം ആദ്യം ഓർമ്മ വരുന്ന ചിത്രമാണ് ആകാശഗംഗ. 1999-ൽ പുറത്തിറങ്ങിയ ഈ സൂപ്പർഹിറ്റ് ചിത്രത്തിന്റെ ലൊക്കേഷൻ വിശേഷങ്ങളാണ് സംവിധായകൻ വിനയൻ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. 1998-ൽ ചേർപ്പുളശ്ശേരി ഒളപ്പമണ്ണ മനയിൽ വെച്ച് നടന്ന ഷൂട്ടിംഗിന്റെ ചിത്രങ്ങൾ കണ്ട ആവേശത്തിലാണ് ആരാധകർ.
ചിത്രങ്ങൾ പങ്കുവെച്ചതിനൊപ്പം വിനയൻ കുറിച്ച വാക്കുകൾ ആരാധകരെ തെല്ലൊന്ന് നൊമ്പരപ്പെടുത്തുന്നതാണ്. “ഈ ചിത്രത്തിൽ കൂടെ വർക്ക് ചെയ്ത പത്തോളം സഹപ്രവർത്തകർ നമ്മെ വിട്ടുപിരിഞ്ഞു പോയി” – അദ്ദേഹം കുറിച്ചു. കൊച്ചിൻ ഹനീഫ, രാജൻ പി. ദേവ്, സുകുമാരി, എൻ.എഫ്. വർഗീസ്, കൽപ്പന തുടങ്ങി മലയാള സിനിമയിലെ അതുല്യ പ്രതിഭകൾ ആകാശഗംഗയുടെ ഭാഗമായിരുന്നു.
ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ദിവ്യ ഉണ്ണി, മുകേഷ്, റിയാസ് എന്നിവർക്കൊപ്പം സംവിധായകൻ വിനയനെയും കാണാം. ബെന്നി പി. നായരമ്പലത്തിന്റെ തിരക്കഥയിൽ വിനയൻ ഒരുക്കിയ ഈ ചിത്രം അക്കാലത്തെ ബോക്സ് ഓഫീസിൽ തരംഗമായിരുന്നു. പിന്നീട് വർഷങ്ങൾക്കുശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തിയെങ്കിലും ഒന്നാം ഭാഗം സൃഷ്ടിച്ച വിസ്മയം ഇന്നും മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുന്നു.



