തിരുവനന്തപുരം: ബിജെപി ‘എ ക്ലാസ്’ മണ്ഡലങ്ങളായി പരിഗണിക്കുന്ന നേമത്തും വട്ടിയൂർക്കാവിലും ആവേശം വിതറാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തലസ്ഥാനത്തെത്തും. പ്രധാനമന്ത്രിയുടെ റോഡ് ഷോയും പൊതുപരിപാടികളും മണ്ഡലങ്ങളിൽ വലിയ ചലനമുണ്ടാക്കുമെന്ന് എൻഡിഎ കണക്കുകൂട്ടുന്നുണ്ടെങ്കിലും, ഇതിനെ രാഷ്ട്രീയമായി പ്രതിരോധിക്കാനാണ് എൽഡിഎഫ്-യുഡിഎഫ് മുന്നണികളുടെ നീക്കം.(Will PM Modi effect spread in Trivandrum? LDF and UDF with challenge)
പ്രധാനമന്ത്രിയുടെ വരവോടെ രാഷ്ട്രീയ ശ്രദ്ധ മുഴുവൻ ഈ രണ്ട് മണ്ഡലങ്ങളിലേക്കും നീങ്ങുകയാണ്. പ്രധാനമന്ത്രിയുടെ സന്ദർശനം സംസ്ഥാനത്ത് വലിയ തരംഗമുണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കൂടിയായ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എൻഡിഎ ക്യാമ്പ് പൂർണ്ണ ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുടെ റോഡ് ഷോ കൊണ്ട് വോട്ടർമാരെ സ്വാധീനിക്കാൻ കഴിയില്ലെന്ന് നേമത്തെ എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി പ്രതികരിച്ചു. വികസന നേട്ടങ്ങൾ മുൻനിർത്തിയാണ് ഇടതുമുന്നണി വോട്ട് തേടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെ പ്രഖ്യാപിച്ചതൊന്നും നടപ്പാക്കാത്ത പ്രധാനമന്ത്രി കേരളത്തിലെത്തിയിട്ട് ഒരു കാര്യവുമില്ലെന്ന് കെ. മുരളീധരൻ പരിഹസിച്ചു. മോദി വന്നതുകൊണ്ട് എൻഡിഎയ്ക്ക് ഗുണമുണ്ടാകില്ലെന്നും മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തും. ആലപ്പുഴയിലാണ് രാഹുലിന്റെ ആദ്യ പരിപാടി. തുടർന്ന് ഇടുക്കിയിലെ കട്ടപ്പനയിലും വൈകുന്നേരം കൊച്ചിയിലും അദ്ദേഹം പ്രചാരണ യോഗങ്ങളെ അഭിസംബോധന ചെയ്യും. നേരത്തെ നടന്ന പരിപാടികളിൽ ശബരിമല സ്വർണ്ണക്കൊള്ള ഉന്നയിച്ച് എൽഡിഎഫിനെയും, ഇന്ധനവില വർധന ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിനെയും രാഹുൽ രൂക്ഷമായി വിമർശിച്ചിരുന്നു. ഇന്നും സമാനമായ രാഷ്ട്രീയ ആയുധങ്ങൾ അദ്ദേഹം പ്രയോഗിക്കുമെന്നാണ് സൂചന. അതേസമയം, മുഖ്യമന്ത്രി ഇന്ന് ധർമ്മടം കേന്ദ്രീകരിച്ചാണ് പ്രചാരണം നടത്തുന്നത്. ദേശീയ നേതാക്കളുടെ സാന്നിധ്യം കൊണ്ട് കേരളം ഇന്ന് ഒരു വിവിഐപി പോരാട്ടഭൂമിയായി മാറും.

