പാലക്കാട്: കേരളം ഉറ്റുനോക്കുന്ന ഏറ്റവും വാശിയേറിയ വിഐപി പോരാട്ടങ്ങളിലൊന്നായി പാലക്കാട് ജില്ലയിലെ തൃത്താല മണ്ഡലം മാറിക്കഴിഞ്ഞു. മന്ത്രി എം.ബി. രാജേഷും വി.ടി. ബൽറാമും വീണ്ടും നേർക്കുനേർ എത്തുന്നതോടെ തൃത്താലയിൽ ഇത്തവണ കടുത്ത പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്.(Thriller’ battle in Thrithala, MB Rajesh to defend his fort, VT Balram to recapture it)
എം.ബി. രാജേഷിലൂടെ മണ്ഡലം നിലനിർത്താമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇടതുമുന്നണി. കഴിഞ്ഞ അഞ്ച് വർഷം മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ വോട്ടായി മാറുമെന്നാണ് എൽഡിഎഫ് കണക്കുകൂട്ടുന്നത്. ഭരണത്തുടർച്ചയുടെയും വികസനത്തിന്റെയും രാഷ്ട്രീയമാണ് മണ്ഡലത്തിൽ സിപിഎം പ്രധാനമായും ഉയർത്തുന്നത്.
വി.ടി. ബൽറാമിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. മണ്ഡലത്തിൽ ശക്തമായ വേരോട്ടമുള്ള ബൽറാമിന് ഇത്തവണ അനുകൂല തരംഗമുണ്ടാകുമെന്ന് യുഡിഎഫ് കരുതുന്നു. കോൺഗ്രസ് മുൻ തൂക്കം നൽകുന്ന പഞ്ചായത്തുകളിൽ വോട്ട് വിഹിതം വർദ്ധിപ്പിക്കാനാണ് മുന്നണിയുടെ നീക്കം. മത്സരചിത്രത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണ് പ്രധാന പോരാട്ടമെങ്കിലും ബിജെപി സ്ഥാനാർത്ഥി വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ പിടിക്കുന്ന വോട്ടുകൾ മണ്ഡലത്തിൽ നിർണ്ണായകമാകും.

