ആലപ്പുഴ: സംസ്ഥാനത്ത് ഭരണമാറ്റം ഉറപ്പാണെന്നും നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്നും കെ.സി. വേണുഗോപാൽ എംപി. ശബരിമലയിലെ സ്വർണ്ണക്കൊള്ളയും പ്രളയ ദുരന്തവും ഉയർത്തി സർക്കാരിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Those who stole gold will be punished in the people’s court, says KC Venugopal)
ശബരിമലയിലെ സ്വർണ്ണം കവർന്നവർക്ക് ജനകീയ കോടതിയിൽ ഇന്നത്തെ വോട്ടെടുപ്പിലൂടെ ശിക്ഷ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസികളുടെ വികാരം വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തോട്ടപ്പള്ളി സ്പിൽവേ തുറക്കാതെ മഹാപ്രളയം ഉണ്ടാക്കിയെന്ന ആരോപണത്തിൽ എന്തുകൊണ്ട് മറുപടി നൽകുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. പ്രളയമുണ്ടാക്കി ജനങ്ങളെ മുക്കിക്കൊന്നതിൽ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും വ്യാജ ശബ്ദസന്ദേശമാണെങ്കിൽ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
കേരളത്തെ വിലയ്ക്കെടുക്കാമെന്നാണ് ബിജെപി വിചാരിക്കുന്നത്. എന്നാൽ പണം ഒഴുക്കി ജനങ്ങളുടെ മനസ്സ് വാങ്ങാൻ അവർക്കാവില്ല. പണമൊഴുക്കിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ മൗനം പാലിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വി.എസ്. അച്യുതാനന്ദന് ശേഷം പാർട്ടിയിൽ ചോദ്യങ്ങൾ ചോദിക്കാൻ ധൈര്യമുള്ള നേതാവാണ് ജി. സുധാകരൻ എന്ന് വേണുഗോപാൽ പറഞ്ഞു. വി.എസ് ഉണ്ടായിരുന്നെങ്കിൽ ഇന്നത്തെ പാർട്ടി നേതൃത്വത്തെ ചോദ്യം ചെയ്തേനെയെന്നും അദ്ദേഹം വ്യക്തമാക്കി.

