തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉന്നയിക്കുന്ന വിജയപ്രതീക്ഷ വെറും അവകാശവാദം മാത്രമാണെന്നും അത് ഫണ്ട് പിരിവിനുള്ള തന്ത്രമാണെന്നും പി എ മുഹമ്മദ് റിയാസ്. മെയ് നാല് വരെ ഫണ്ട് പിരിക്കാനുള്ള സൗകര്യത്തിനാണ് അധികാരത്തിലെത്തുമെന്ന പ്രതീതി യുഡിഎഫ് സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.(The UDF’s goal is to collect funds, mocks PA Mohammed Riyas)
ഏപ്രിൽ 9 മുതൽ മെയ് 4 വരെ പ്രതിപക്ഷം ഭരണപക്ഷത്തെപ്പോലെ സംസാരിക്കും. അധികാരത്തിൽ വരുമെന്ന് അണികളെയും വോട്ടർമാരെയും വിശ്വസിപ്പിച്ച് പണം സമാഹരിക്കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്ന് റിയാസ് ആരോപിച്ചു. ബേപ്പൂർ മണ്ഡലത്തിലും കോഴിക്കോട് ജില്ലയിലും എൽഡിഎഫിന് മികച്ച വിജയമുണ്ടാകും. ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടുകൾ യുഡിഎഫിന് ലഭിക്കുമെന്ന വാദത്തിൽ അടിസ്ഥാനമില്ല. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്കും ജനക്ഷേമ നടപടികൾക്കുമാണ് ജനങ്ങൾ വോട്ട് ചെയ്തിരിക്കുന്നത്.
യുഡിഎഫും ബിജെപിയും തമ്മിൽ തിരഞ്ഞെടുപ്പിൽ എന്ത് രഹസ്യ ധാരണയുണ്ടാക്കിയാലും അതിനെയെല്ലാം ജനപിന്തുണയോടെ എൽഡിഎഫ് മറികടക്കും. വെളിച്ചത്തിലുള്ള കേരളം ഇനി ഇരുട്ടിലേക്ക് പോകില്ല. എൽഡിഎഫ് സർക്കാർ ഭരണം തുടരുമെന്ന കാര്യത്തിൽ സംശയമില്ല. ബിജെപി-കോൺഗ്രസ് ഡീലുകളെ മറികടക്കാനുള്ള ശക്തി ഇടത് മുന്നണിക്കുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

