കോട്ടയം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും യു.ഡി.എഫിനെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നുണകളെയും ഗൂഢസംഘങ്ങളെയും ആശ്രയിച്ചാണ് പ്രതിപക്ഷം പ്രവർത്തിക്കുന്നതെന്നും ഗവൺമെന്റിനെ വസ്തുതകൾ നിരത്തി എതിർക്കാൻ അവർക്ക് സാധിക്കുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.(The opposition is operating on lies, Chief Minister against VD Satheesan )
എന്ത് വൃത്തികേടും വിളിച്ചുപറയുന്ന ഗൂഢസംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ആളാണ് വി.ഡി. സതീശനെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെട്ട കേസുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർന്നപ്പോൾ ഇരകളെ അധിക്ഷേപിക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് സ്വീകരിച്ചത്. പ്രതിപക്ഷ നേതാവിന്റെ കൂടി അനുമതിയോടെയാണ് ഇത്തരം കാര്യങ്ങൾ നടക്കുന്നത്. അദ്ദേഹത്തിന്റെ ഉപദേശങ്ങളെ ജനം ഇന്ന് ഉൾച്ചിരിയോടെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
തിരഞ്ഞെടുപ്പിന് തൊട്ടുമുൻപുള്ള നിയമസഭാ സമ്മേളനത്തിൽ പോലും സർക്കാരിനെതിരെ കൃത്യമായ ഒരു കുറ്റപത്രം അവതരിപ്പിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. മന്ത്രിമാർക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കാനോ വസ്തുതകൾ നിരത്തി ഗവൺമെന്റിനെ പ്രതിരോധത്തിലാക്കാനോ അവർക്ക് സാധിച്ചില്ല. ഒന്നും പറയാനില്ലാത്തതിനാലാണ് പ്രതിപക്ഷം പിൻവാങ്ങിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കിഫ്ബിയെ അപകീർത്തിപ്പെടുത്താനുള്ള പ്രതിപക്ഷ നേതാവിന്റെ ശ്രമങ്ങൾക്ക് രമേശ് ചെന്നിത്തല തന്നെ മറുപടി നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഹരിപ്പാട് മണ്ഡലത്തിൽ കിഫ്ബി നടത്തിയ വികസനങ്ങളെക്കുറിച്ച് ചെന്നിത്തല തന്നെ സംസാരിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിലുൾപ്പെടെ കിഫ്ബി പദ്ധതികൾ നടക്കുന്നുണ്ടെന്നും ഖജനാവിന്റെ ശേഷിക്ക് പുറത്ത് വികസനം എത്തിക്കാനാണ് കിഫ്ബിയെ പുനരുജീവിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റബ്ബർ മേഖലയിലെ തകർച്ചയ്ക്ക് കാരണം കോൺഗ്രസും ബിജെപിയും പിന്തുടരുന്ന ഒരേതരം ദേശീയ നയങ്ങളാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. എന്നാൽ സംസ്ഥാന സർക്കാർ കർഷകർക്കൊപ്പം നിൽക്കുകയാണ്. കർഷകർക്ക് താങ്ങുവില നൽകുന്ന ഏക സംസ്ഥാനം കേരളമാണെന്നും സബ്സിഡി തുക 200 രൂപയായി ഉയർത്തിയെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

