തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ അപ്രതീക്ഷിത നീക്കവുമായി ഇടതുമുന്നണി. സ്ഥാനാർത്ഥി നിർണ്ണയം വൈകിയ തിരുവനന്തപുരം മണ്ഡലത്തിൽ നടൻ സുധീർ കരമനയെ രംഗത്തിറക്കി മണ്ഡലം പിടിക്കാനാണ് എൽ.ഡി.എഫ് നീക്കം (Sudheer Karamana Candidate). ജനാധിപത്യ കേരള കോൺഗ്രസിന് അനുവദിച്ച സീറ്റിൽ സുധീർ കരമന സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനാണ് സാധ്യത. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും മുന്നണി നേതൃത്വത്തിൽ ഇത് സംബന്ധിച്ച് ധാരണയായതായാണ് വിവരം.
ആന്റണി രാജുവിന് ശിക്ഷാ ഇളവ് ലഭിക്കാത്ത സാഹചര്യത്തിൽ പകരം സ്ഥാനാർത്ഥിയെ കണ്ടെത്താൻ ജനാധിപത്യ കേരള കോൺഗ്രസ് പ്രയാസപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയത്തിന് പുറത്തുനിന്നുള്ള സുധീർ കരമനയുടെ പേര് ഉയർന്നുവന്നത്. മുൻപ് തിരുവനന്തപുരം മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന അന്തരിച്ച നടൻ കരമന ജനാർദ്ദനൻ നായരുടെ മകനാണ് സുധീർ കരമന. തിരുവനന്തപുരത്തെ പ്രാദേശിക തലത്തിലുള്ള കുടുംബബന്ധങ്ങളും അദ്ദേഹത്തിന്റെ ജനപ്രീതിയും വോട്ടായി മാറുമെന്നാണ് മുന്നണി കണക്കുകൂട്ടുന്നത്.
എൽ.ഡി.എഫ് ക്യാമ്പിൽ നിലനിന്നിരുന്ന ആശങ്കകൾക്ക് ഈ നീക്കത്തോടെ വിരാമമാകുമെന്നാണ് കരുതുന്നത്. ജനാധിപത്യ കേരള കോൺഗ്രസും ഈ നിർദ്ദേശത്തോട് അനുകൂലമായാണ് പ്രതികരിച്ചിരിക്കുന്നത്.
തിരുവനന്തപുരത്ത് ബി.ജെ.പിയും യു.ഡി.എഫും ശക്തരായ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഒരു ‘താര’ പരിവേഷമുള്ള സ്ഥാനാർത്ഥിയെ ഇറക്കുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നാണ് എൽ.ഡി.എഫ് വിലയിരുത്തൽ.
Story Summary:
In a surprising move, the LDF is likely to field actor Sudheer Karamana as an independent candidate for the Thiruvananthapuram assembly seat. The seat, originally allotted to Janadhipathya Kerala Congress, saw a deadlock in candidate selection following the legal hurdles faced by Antony Raju. Sudheer, son of the legendary actor Karamana Janardanan Nair, is expected to bring a fresh dynamic to the capital city’s triangular contest. Official confirmation is awaited.

